SHARE

ഇന്നലെയായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിൽ പുനെ സിറ്റിയും ഡെൽഹി ഡൈനാമോസും തമ്മിലുള്ള പോരാട്ടം. പൂനെയുടെ ഹോം ഗ്രൗണ്ടായ ബാലെവാഡി ശ്രീ ഛത്രപതി ശിവജി സ്റ്റേഡിയത്തിലായിരുന്നു മത്സരം. കളിയിൽ 3-2 എന്ന സ്കോറിൽ ജയിച്ചതിനൊപ്പം കാണികളുടെ ഹൃദയവും കീഴടക്കിയാണ് ഡൈനാമോസ് മടങ്ങിയത്. എങ്ങനെയാണെന്നല്ലേ?

കളിയുടെ മാന്യത ഉയർത്തുന്ന പ്രവർത്തിയിലൂടെ ഡെൽഹി ടീം മത്സരത്തിന്റെ ആദ്യ മിനുറ്റിൽ തന്നെ കൈയ്യടി നേടുകയായിരുന്നു. സംഭവം ഇങ്ങനെ, മത്സരത്തിനായുള്ള പുനെയുടെ പ്ലേയിംഗ് ഇലവനിൽ സെൻട്രൽ മിഡ് ഫീൽഡറായ അവരുടെ താരം ജൂവൽ രാജയുമുണ്ടായിരുന്നു,എന്നാൽ മത്സരത്തിന് തൊട്ടു മുൻപ് അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു. വേദന കൊണ്ട് പുളയുകയായിരുന്ന ജൂവൽ രാജയ്ക്ക് കളിക്കാൻ ഒരു രീതിയിലും സാധിക്കില്ലായിരുന്നു.എന്നാൽ കളി തുടങ്ങുന്നതിനു മുൻപ് താരത്തെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാൻ നിയമങ്ങൾ അനുവദിക്കുമായിരുന്നില്ല. അതിനാൽ മത്സരം കിക്കോഫ് ചെയ്യുന്ന സമയം ജൂവൽ രാജ മൈതാനത്തിരുന്നു. ഇത് ശ്രദ്ധിച്ച ഡൈനാമോസ് താരങ്ങൾ പന്ത് പുറത്തേക്ക് അടിച്ചു കളയുകയും. പൂനെയ്ക്ക് സബ്സ്റ്റിറ്റ്യൂഷനുള്ള സമയം ഒരുക്കുകയും ചെയ്തു.

-Advertisement-

ഫുട്ബോൾ ഫീൽഡിൽ ഡെൽഹി ഡൈനാമോസ് കാണിച്ച ഈ മാന്യതയെ കൈയ്യടി നൽകിയാണ് കാണികൾ സ്വീകരിച്ചത്‌. ഗ്യാലറിയിൽ ഇരുന്നവർ മാത്രമല്ല, ടെലിവിഷന് മുന്നിലിരുന്ന കളി കാണുന്നവരുടെയെല്ലാം ഹൃദയം കീഴടക്കാൻ ഡെൽഹി സംഘത്തിന് കഴിഞ്ഞു. ഓരോ ദിവസം ചെല്ലുന്തോറും കയ്യാങ്കളിയും മറ്റും ഏറി വരുകയും കളിയിലെ ‘മാന്യത’ കുറഞ്ഞു വരുകയും ചെയ്യുന്ന ഫുട്ബോൾ ലോകത്ത് അതേ ‘മാന്യത’ തന്നെ ഉയർത്തുന്ന പ്രവർത്തിയുമായി മാതൃകയാവുകയാണ് ഡെൽഹി ഡൈനാമോസ് എന്ന ഐ എസ് എൽ ടീം.

പരിക്കേറ്റ് പുറത്തേക്ക് നടക്കുന്ന ജൂവൽ രാജ
പന്തടിച്ച് പുറത്തേക്ക് കളയുന്ന ഡൽഹി താരം സെന റാൾട്ടെ