SHARE

മോശം പ്രകടനത്തിന്റെ പേരില്‍ ടീമില്‍ ഇടം ലഭിക്കാതെ മാറി നില്‍ക്കുന്ന ഋഷഭ് പന്തിനായി ഡല്‍ഹി ലോബി രംഗത്ത്. ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സഹഉടമ പാര്‍ത്ഥ ജിന്‍ഡാലാണ് പന്തിനെ ടീമിലെടുക്കാത്തതിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. കളിപ്പിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് പന്തിനെ ടീമില്‍ കൊണ്ടു നടക്കുന്നതെന്നാണ് അദ്ദേഹം തന്റെ ട്വിറ്ററില്‍ ചോദിച്ചത്.

പന്തിനോളം പ്രതിഭയുള്ള ഒരു കളിക്കാരനെ പരമ്പര നേടിയ ശേഷമുള്ള ട്വന്റി-ട്വന്റിയിലോ അല്ലെങ്കില്‍ പരമ്പര നഷ്ടപ്പെട്ട് ശേഷമുള്ള ഏകദിനത്തിലോ കളിപ്പിക്കാമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇനി അങ്ങനെ കളിപ്പിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ ഇന്ത്യ-എ ടീമിലോ അല്ലെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിലോ കളിക്കാന്‍ വിടണമെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നു.

ജിന്‍ഡാലിന്റെ ചോദ്യങ്ങള്‍ ന്യായമാണെന്ന് ക്രിക്കറ്റ് മേഖലയില്‍ ഉള്ളവര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും മുന്‍പ് വിരേന്ദ്രര്‍ സേവാഗും പന്തിനെ കളിപ്പിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ വാദങ്ങളുമായി രംഗത്തു വന്നതുമായി കൂട്ടി വായിക്കുമ്പോള്‍ പന്തിനായി നീക്കം ശക്തമാക്കാനുള്ള ഡല്‍ഹി ലോബിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഐപിഎല്‍ ടീം ഉടമയുടെ പ്രതികരണമെന്നാണ് വിലയിരുത്തല്‍.

ആദ്യമായാണ് ഒരു ഐപിഎല്‍ ടീം ഉടമ ഇന്ത്യന്‍ ടീം സെലക്ഷനെതിരെ രംഗത്തു വരുന്നത്. ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ പന്തിനു പകരം വിക്കറ്റ് കീപ്പറായി കെ.എല്‍ രാഹുലിനെ പരിഗണിക്കുകയായിരുന്നു. ഈ പരീക്ഷണം വിജയിച്ചതോടെയാണ് പന്ത് അവസാന ഇലവനുകളില്‍ നിന്നും പുറത്താകാന്‍ തുടങ്ങിയത്.