SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ രീതിക്കെതിരെ ആഞ്ഞടിച്ച് ഐപിഎൽ ടീമായ ഡെൽഹി ക്യാപിറ്റൽസിന്റെ സഹ ഉടമയായ പാർത്ത് ജിൻഡാൽ‌. ഐപിഎല്ലിൽ ഡെൽഹിയുടെ താരമായ ഋഷഭ് പന്തിനെ തുടർച്ചയായി ഇന്ത്യൻ ടീമിന്റെ ആദ്യ ഇലവനിൽ നിന്ന് പുറത്തിരുത്തുന്നതും, ഇത്തവണ ഡെൽഹി ടീമിലെടുത്ത രവിചന്ദ്രൻ അശ്വിനെ ഏകദിന, ടി20 ടീമുകളിലേക്ക് പരിഗണിക്കാത്തതുമാണ് ജിൻഡാലിനെ ചൊടിപ്പിക്കുന്നത്‌.

കഴിഞ്ഞ കുറച്ച് നാളുകളായി മോശം ഫോമിലുള്ള ഋഷഭ് പന്തിന് ന്യൂസിലൻഡിനെതിരായ ഏകദിന, ടി20 പരമ്പരകളിൽ ഒരു തവണ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇതാണ് ഡെൽഹി ടീം ഉടമയെ രോഷാകുലനാക്കുന്നത്. പന്തിനെപ്പോലെ പ്രതിഭാശാലിയായ ഒരു താരം തുടർച്ചയായി സൈഡ് ബെഞ്ചിലിരിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രവിചന്ദ്രൻ അശ്വിനെ കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളിലേക്ക് പരിഗണിക്കാത്തതിനെതിരെയും ജിൻഡൽ രംഗത്ത് വന്നിട്ടുണ്ട്‌. അശ്വിനെപ്പോലൊരു വിക്കറ്റ് ടേക്കിംഗ് ബോളർ ടീമിലില്ലാത്തത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം ടീമിന്റെ എക്സ് ഫാക്ടറാവാൻ കെൽപ്പുള്ള താരമാണെന്നും ജിൻഡാൽ കൂട്ടിച്ചേർത്തു.