SHARE

അവസാന പത്തു മിനിറ്റില്‍ രണ്ടു ഗോളുകള്‍ ഡെല്‍ഹി ഡൈനാമോസ് വലയില്‍ നിക്ഷേപിച്ച് എഫ്‌സി ഗോവയ്ക്ക് നാടകീയ ജയം. 3-2നാണ് കോറോയും സംഘവും തിരിച്ചുവന്നത്. രണ്ടു തവണ മുന്നിട്ടു നിന്നശേഷമാണ് ഡെല്‍ഹി തോല്‍വി വഴങ്ങിയത്. എഡു ബേഡിയ (54, 89) ആണ് ഗോവയുടെ വിജയശില്പി. ജയത്തോടെ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഗോവയ്ക്കായി.

ഫത്തോഡയിലെ സ്വന്തം മൈതാനത്ത് തുടക്കത്തിലേ ഗോവയ്ക്ക് തിരിച്ചടിയേറ്റു. ദുര്‍ബലരെന്നു മുദ്രകുത്തപ്പെട്ട ഡെല്‍ഹി ആറാം മിനിറ്റില്‍ തന്നെ ആതിഥേയരുടെ തലയ്ക്കടിച്ചു. ബിക്രംജിത്ത് സിംഗിന്റെ വക ഗോള്‍. ആദ്യ പകുതി ഡെല്‍ഹിയുടെ ലീഡില്‍ അവസാനിച്ചു. രണ്ടാംപകുതിയില്‍ എഡു ബേഡിയയിലൂടെ (54) ഗോവ ഗോള്‍ മടക്കി. എന്നാല്‍ എഴുപതാം മിനിറ്റില്‍ ലാലിയന്‍സുവാലെ ചാങ്‌തേയിലൂടെ ഡെല്‍ഹി വീണ്ടും ലീഡ് നേടി. കളി ഡെല്‍ഹിയുടെ വരുതിക്കെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ബ്രെണ്ടന്‍ ഫെര്‍ണാണ്ടസിലൂടെ (82) ഗോവ വീണ്ടും ഒപ്പമെത്തി. പിന്നീട് വീണ്ടും ബേഡിയയുടെ വക വിജയഗോള്‍.

ഈ ഞായറാഴ്ച്ച കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനുള്ളതാണ് ഗോവ. ഡെല്‍ഹിയില്‍ നിന്നു പ്രഹരം ഏറ്റിരുന്നെങ്കില്‍ കോറോയുടെ ടീമിന് മാനസികമായി ക്ഷീണം ചെയ്‌തേനെ. പ്രത്യേകിച്ച് കൊച്ചിയിലെ കാണികളുടെ മുന്നില്‍. കഴിഞ്ഞ മത്സരത്തില്‍ ജെംഷഡ്പൂര്‍ എഫ്‌സി അവരുടെ തട്ടകത്തില്‍ 4-1ന് ഗോവയെ തകര്‍ത്തിരുന്നു. ഗോവ വിജയട്രാക്കിലേക്ക് തിരിച്ചെത്തിയത് നിലതെറ്റി നില്ക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് ഭീഷണിയാണ്.