SHARE

വാംഖഡെയിൽ അവസാന പന്തിൽ വിജയം പിടിച്ചെടുത്ത് ഡൽഹി. ആവേശകരമായ മത്സരത്തിൽ 7 വിക്കറ്റിനാണ് മുംബെെ ഇന്ത്യൻസിനെ ഡൽഹി ഡെയർ ഡെവിൾസ് പരാജയപ്പെടുത്തിയത്. ജേസൺ റോയുടെ വെടിക്കെട്ട് ബാറ്റിംഗാണ് കൂറ്റൻ സ്കോർ പിന്തുടർന്ന് വിജയിക്കാൻ ഡൽഹിയെ സഹായിച്ചത്. ഋഷഭ് പന്തും ശ്രേയസ്സ് അയ്യരും ജേസൺ റോയ്ക്ക് മികച്ച പിന്തുണ നൽകി. സ്കോർ: മുംബെെ 194-7 (20), ഡൽഹി 195-3 (20).

വെടിക്കെട്ട് തുടക്കം, തിരിച്ചുവന്ന് ഡൽഹി

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് വാംഖഡെയില്‍ വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗില്‍ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ സൂര്യകുമാര്‍ യാദവും സഹ ഓപ്പണര്‍ ഇവിന്‍ ലൂയിസൂം മികച്ച ഫോമിലായിരുന്നു. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്നു ബൗണ്ടറികള്‍ സഹിതം 15 റണ്‍സാണ് മുംബൈ നേടിയത്. പവര്‍പ്ലേയിലെ എല്ലാ ഓവറുകളിലും പത്തിലേറെ റണ്‍സ് സ്‌കോര്‍ ചെയ്ത് മുംബൈ മുന്നേറി. ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റു നഷ്ടപ്പെടാതെ 84 എന്ന ശക്തമായ നിലയിലെത്തിയിരുന്നു അവര്‍.

രാഹുല്‍ തേവാട്ടിയ എറിഞ്ഞ ഒമ്പതാമത്തെ ഓവറിലെ മൂന്നാം പന്ത് സിക്‌സറിന് പറത്തി ലൂയിസ് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ ആ ഓവറിലെ തന്നെ അവസാന പന്തില്‍ ഇവിന്‍ ലൂയിസിന് അടിതെറ്റി. 28 പന്തില്‍ 4 വീതം ബൗണ്ടറികളും സിക്‌സുകളും അടിച്ച വിൻഡീസ് താരം 48 റണ്‍സെടുത്താണ് പുറത്തായത്. അടുത്ത ഓവറില്‍ സൂര്യ കുമാര്‍ യാദവ് തന്റെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 29 പന്തുകളിലാണ് താരം തന്റെ രണ്ടാമത്തെ ഐ പി എല്‍ അമ്പതു കടന്നത്. രണ്ടാം വരവില്‍ രാഹുല്‍ തേവാട്ടിയ സൂര്യ കുമാര്‍ യാദവിനെയും വീഴ്ത്തി. 32 പന്തില്‍ 7 ഫോറുകളും ഒരു സിക്‌സും സഹിതം 53 റണ്‍സാണ് താരം നേടിയത്.

ഓപ്പണിംഗിലെ വെടിക്കെട്ട് അവസാനിച്ചപ്പോള്‍ മുംബൈ സ്‌കോറിംഗ് വേഗം അല്‍പ്പം കുറഞ്ഞു. എന്നാല്‍ യുവതാരം ഇഷന്‍ കിഷന്‍ പിന്നീട് വെടിക്കെട്ട് ഏറ്റെടുത്തു. 23 പന്തില്‍ 44 റണ്‍സ് നേടിയ ഇഷന്‍ കിഷനെയും റണ്ണൊന്നുമെടുക്കാതിരുന്ന പൊള്ളാര്‍ഡിനെയും 16ാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ ഡാനിയേല്‍ ക്രിസ്റ്റ്യന്‍ പുറത്താക്കി. രോഹിത് ശര്‍മ്മ 18 റണ്‍സെടുത്ത് ട്രെന്റ് ബോള്‍ട്ടിന് വിക്കറ്റ് സമ്മാനിച്ചു. ക്രുനാൽ പാണ്ഡ്യ 11 റൺസെടുത്തും ഹാർദിക് പാണ്ഡ്യ അവസാന ഓവറിലെ ആദ്യ പന്തിൽ രണ്ടു റൺസെടുത്തും പുറത്തായി. കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന മുംബെെ ഇന്ത്യൻസിനെ അവസാന ഓവറുകളിൽ ഡൽഹി പിടിച്ചു കെട്ടുകയായിരുന്നു. ഡൽഹിക്ക് വേണ്ടി ട്രെൻ്റ് ബോൾട്ട്, ഡാനിയേൽ ക്രിസ്റ്റ്യൻ, രാഹുൽ തേവാട്ടിയ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം നേടി.

അടിച്ചു തകർത്ത് ജേസൺ റോയ്

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി വളരെ പതുക്കെയാണ് തുടങ്ങിയത്. 4 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റു നഷ്ടപ്പെടാതെ 29 റണ്‍സ് മാത്രമായിരുന്നു ഡല്‍ഹി സ്‌കോര്‍ ബോര്‍ഡില്‍ എത്തിയിരുന്നത്. എന്നാല്‍ അഞ്ചാം ഓവറില്‍ ഓപ്പണര്‍മാര്‍ ടോപ് ഗിയറിലെത്തി. ആദ്യ പന്തു തന്നെ ഗൗതം ഗംഭീര്‍ ബൗണ്ടറിയിലേക്ക് പായിച്ചു. എന്നാല്‍ ജേസണ്‍ റോയ് അപകടകാരിയായി മാറുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ആ ഓവറിലെ മൂന്നാം പന്തും നാലാം പന്തും കൂറ്റന്‍ സിക്‌സറിന് പറത്തി. അഞ്ചാം പന്തില്‍ ബൗണ്ടറിയും നോടി. 21 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വര്‍ സ്‌കോര്‍ 50 കടത്തുകയും ചെയ്തു.

എന്നാല്‍ ആറാമത്തെ ഓവറിലെ ആദ്യ പന്തില്‍ ഗംഭീറിനെ മുസ്തഫിസുര്‍ റഹ്മാന്‍ പവലിയനിലേക്ക് അയച്ചു. 15 റണ്‍സായിരുന്നു ഗംഭീറിന്റെ സമ്പാദ്യം. ഗംഭീര്‍ മടങ്ങിയെങ്കിലും റോയ് തന്റെ വെടിക്കെട്ട് തുടര്‍ന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തും മികച്ച ഫോമിലായിരുന്നു. പത്താം ഓവറിലെ അഞ്ചാം പന്ത് സിക്‌സറിന് പറത്തി ഋഷഭ് ഡല്‍ഹി സ്‌കോര്‍ നൂറു കടത്തി. അവസാനം ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ അര്‍ധസെഞ്ചുറിക്ക് മൂന്നു റണ്‍സ് അകലെ പന്ത് വീണു. 25 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതമാണ് ഋഷഭ് പന്ത് 47 റണ്‍സെടുത്തത്.

അതിനു മുമ്പ് തന്നെ ജേസണ്‍ റോയ് അമ്പത് കടന്നിരുന്നു. 27 പന്തുകളിലാണ് ഇംഗ്ലീഷ് താരം അര്‍ധസെഞ്ചുറി നേടിയത്. മാക്‌സ്‌വെല്‍ സിക്‌സും ഫോറുമടിച്ച് തുടങ്ങിയെങ്കിലും ക്രുനാല്‍ പാണ്ഡ്യ വീണ്ടും വില്ലനായി. 13 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ പുറത്താക്കുന്നതില്‍ ക്യാച്ചെടുത്ത ഹാര്‍ദിക് പാണ്ഡ്യയ്ക്കും പങ്കുണ്ടായിരുന്നു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ശ്രേയസ്സ് അയ്യര്‍ ജേസണ്‍ റോയ്ക്ക് ഉറച്ച പിന്തുണ നല്‍കി. അവസാന പന്തിൽ വിജയിക്കാൻ ഡൽഹിക്ക് 11 റൺസ്. ആദ്യ പന്തു ഫോറടിച്ചും രണ്ടാം പന്ത് സിക്സറിന് പറത്തിയും ജേസൺ റോയ് ഡൽഹിക്ക് പ്രതീക്ഷനൽകി. അടുത്ത മൂന്നു പന്തുകളും താരത്തിന് അടിക്കാനായില്ല. അതോടെ കളി അവസാന പന്തിലേക്ക് നീണ്ടു. എന്നാൽ ഡൽഹി വിജയത്തിലെത്തുകയും ചെയ്തു.  റോയ് 50 പന്തിൽ 90 റൺസെടുത്തും ശ്രേയസ്സ് അയ്യർ 20 പന്തിൽ 27 റൺസെടുത്തും പുറത്താവാതെ നിന്നു. മുംബെെയ്ക്ക് വേണ്ടി ക്രുനാൽ പാണ്ഡ്യ രണ്ടു വിക്കറ്റു വീഴ്ത്തി.