SHARE

ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ഡെന്‍മാര്‍ക്കും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് പിരിയുകയായിരുന്നു. ഡെന്‍മാര്‍ക്കിന് വേണ്ടി സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗോള്‍ നേടി. പെനാല്‍ട്ടിയിലൂടെ ക്യാപ്റ്റന്‍ മൈല്‍ യെഡിനാക്കാണ് ഓസ്‌ട്രേലിയയെ ഒപ്പമെത്തിച്ചത്. ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.

മത്സരം തുടങ്ങി 7ാം മിനുട്ടിലാണ് എറിക്‌സണ്‍ മികച്ചൊരു ഹാഫ് വോളിയിലൂടെ ഡെന്‍മാര്‍ക്കിനെ മുന്നിലെത്തിച്ചത്. അതോടെ ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ ഓസ്‌ട്രേലിയ ആരംഭിക്കുകയും ചെയ്തു. 38ാം മിനുട്ടില്‍ വാറിന്റെ രൂപത്തില്‍ അവര്‍ക്ക് ഭാഗ്യമെത്തി. ബോക്‌സിനുള്ളില്‍ വെച്ച് ഡെന്‍മാര്‍ക്ക് താരം യൂസുഫ് യുരാരി പോള്‍സണ്‍ന്റെ ഹാന്‍ഡ്‌ബോള്‍. വാറിന്റെ സഹായം തേടിയ സ്പാനിഷ് റഫറി മത്തേയു അന്റോണിയോ ഓസ്‌ട്രേലിയക്ക് പെനാല്‍ട്ടിയും യുരാരിക്ക് മഞ്ഞക്കാര്‍ഡും നല്‍കി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ലഭിച്ച പെനാല്‍ട്ടി കിക്ക് ലക്ഷ്യത്തിലെത്തിക്കുന്നതില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈല്‍ യെഡിനാക്കിന് പിഴച്ചില്ല. ലോകകപ്പിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട യുരാരിക്ക് ഒരു മത്സരത്തില്‍ വിലക്കും ലഭിച്ചു. ഫ്രാന്‍സിനെതിരെ ആദ്യ മത്സരം പരാജയപ്പെട്ട ഓസ്‌ട്രേലിയക്ക് ആശ്വാസം പകരുന്നതാണ് ഇന്നത്തെ സമനില. നേരത്തെ പെറുവിനെ പരാജയപ്പെടുത്തിയ ഡെന്‍മാര്‍ക്ക് 4 പോയന്റോടെ ഗ്രൂപ്പ് സിയില്‍ ഒന്നാമന്‍മാരായി. ഇന്ന് രാത്രി 8.30നാണ് ഗ്രൂപ്പിലെ ഫ്രാന്‍സ് – പെറു പോരാട്ടം.