SHARE

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഡെന്മാർക്കിലെ പുതിയ ഫുട്ബോൾ പ്രതീക്ഷയായി ഉയർന്നുവന്ന യുവതാരമാണ് നിക്ലാസ് ബെൻഡ്നർ. ഭാ​വിവാ​ഗ്ദാനമെന്ന് വിശേഷണങ്ങൾ ഉയർത്തിവിട്ട, ആവേശക്കൊടുമുടിയിൽ എന്നാൽ തന്റെ കഴിവിന്റെ പകുതി പോലും പുറത്തെടുക്കാൻ ബെൻഡ്നർക്കായില്ല. ദീർഘനാൾ ആഴ്സനലിൽ കളിച്ച ബെൻഡ്നർക്ക് അങ്ങനെയാണ് ലോർഡ് ബെൻഡ്നർ എന്ന പരിഹാസപ്പേര് വീണത്. ബെൻഡ്നറുടെ വാവിട്ട വാചകങ്ങളും ഈ പേരിന് കാരണമായിട്ടുണ്ട്. ആരാധകരുടെ പരിഹാസച്ചിരികൾക്കിടയിലും കളി തുടർന്ന ബെൻഡ്നർ  റഷ്യയിൽ നടക്കുന്ന ലോകകപ്പിനുള്ള ടീമിൽ ഇടം നേടിയിരിക്കുകയാണ്.  ക്ലബ് തലത്തിലെ മിന്നുന്ന പ്രകടനത്തിലൂടെ.

2005-മുതൽ 14 വരെ ഒമ്പത് സീസണിലാണ് ബെൻഡ്നർ ആഴ്സനലിനൊപ്പമുണ്ടായിരുന്നത് അതിൽ തന്നെ മൂന്ന് സീസണോളം ലോണിൽ പോയിട്ടുണ്ട് താരം. അങ്ങനെ ചുരുക്കിപ്പറഞ്ഞാൽ വെറും 30 വയസിനിടെ കളിച്ചത് ഏഴ് ക്ലബുകളിൽ. ആഴ്സനലിന് പുറമേ യുവന്റസ്, വോൾവ്സ്ബർ​ഗ് തുടങ്ങിയ പ്രധാന ടീമുകൾക്കായും ബെൻഡ്നർ കളിച്ചിട്ടുണ്ട്. 2009-ലെ ഡാനിഷ് ഫുട്ബോളർ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട ബെൻഡ്നർ എന്നാൽ പ്രശസ്തിയാർജിച്ചത് ലോർഡ് വിളിപ്പേരിലൂടെയാണ്.

ഡാനിഷ് രാജകുടുംബത്തിലെ കരോളിനുമായുണ്ടായിരുന്ന പ്രണയബന്ധമാണ് താരത്തിന് ആദ്യം ലോർഡ് എന്ന പേര് സമ്മാനിച്ചതെന്നും ഒരു കഥയുണ്ട്. കളിക്കളത്തിൽ ശരാശരി താരം മാത്രമായുന്ന ബെൻഡ്നർ, ലോകോത്തര താരങ്ങളുമായി താരതമ്യം ചെയ്തതും, റയൽ മഡ്രിഡിലും ബാഴ്സയിലും കളിക്കുമെന്ന് പറഞ്ഞതിനെയൊക്കെ പരിഹസിച്ചാണ് ഈ പേരെന്ന് വേറൊരു കഥയുമുണ്ട്. ​സുവാർണാവസരങ്ങളും ഓപ്പൺ ചാൻസുകളും പാഴാക്കുന്നതിനാലാണ് പേര് വീണതെന്ന് വേറെ ഒരു കഥ. അതെന്തായലും പരിഹാസങ്ങൾ ബെൻഡ്നർ ആസ്വദിച്ചിരുന്നതായി അടുപ്പമുള്ളർ പറഞ്ഞിരുന്നു.

ഒരിക്കൽ ഒരു ഡാനിഷ് പത്രം, സ്കോട്ലൻഡിൽ ഒരു ചതുരശ്ര അടി ഭൂമി ബെൻഡ്നർക്ക് വാങ്ങി നൽകിയതായി പ്രഖ്യാപിച്ചു. ആ ഭൂപ്രദേശത്തിന്റെ പ്രഭുവായി ബെൻഡ്നറ വാഴിക്കും എന്ന് അവർ പരിഹസിച്ചു. മറ്റ് അവസരങ്ങളിൽ ബാലൺ ദി ഓർ ജേതാവായും ഡെന്മാർക്ക് പ്രസിഡന്റായും ബെൻഡ്നറുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച് ആരാധകർ രസം കണ്ടെത്തിയിരുന്നു. ഇതൊക്കെ തമാശയായി മാത്രമെ ബെൻഡ്നർ കണ്ടിരുന്നുള്ളു.

2017-ൽ പ്രധാന യൂറോപ്യൻ ലീ​ഗുകളിൽ നിന്ന് പിന്മാറി ബെൻഡ്നർ, നോർവേയിലേക്കെത്തി. നോർവീജിയൻ ക്ലബായ എഫ്.സി റോസൻബെർ​ഗിന്റെ താരമാണിപ്പോൾ ബെൻഡ്നർ. സീസണിൽ ടീമിനെ നോർവീജിയൻ ലീ​ഗ് ജേതാക്കളാക്കിയതിൽ നിർണായക പങ്ക് വഹിച്ച ബെൻഡ്നർ തന്നെയായിരുന്നു ലീ​ഗിലെ ടോപ് സ്കോറർ. ഇതോടെ ദേശീയ ടീമിലേക്കും തിരിച്ചുവിളിച്ചു. ടോട്ടനം താരം ക്രിസ്റ്റ്യൻ എറിക്സനൊപ്പം തന്നെ ഡെന്മാർക്ക് ആരാധകർ ഇക്കുറി പ്രതീക്ഷകൾ പുലർത്തുന്നത് അവരുടെ ലോർഡ് ബെൻഡ്നറി‌ലാണ്