SHARE

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇത് വരെയുള്ള പ്രകടനം വെച്ച് നോക്കിയാൽ സൺ റൈസേഴ്സ് ഹൈദരാബാദാണ് നിലവിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം. കളിച്ച പത്ത് മത്സരങ്ങളിൽ എട്ടെണ്ണത്തിലും വിജയിച്ച അവർ തന്നെയാണ് പോയിന്റ് പട്ടികയിലും ഒന്നാമത്. എന്നാൽ എട്ട് വിജയങ്ങൾ നേടിയിട്ടും പ്ലേ ഓഫ് ബർത്തുറപ്പിക്കാൻ അവർക്കായിട്ടില്ല എന്നതാണ് സത്യം. അതായത് കണക്കുകൾ വെച്ച് നോക്കിയാൽ ഇനിയും സൺ റൈസേഴ്സ് ടൂർണമെന്റിൽ നിന്ന് പുറത്താവാനുള്ള സാധ്യതകൾ ഉണ്ടെന്ന്.

കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നേടിയ വിജയം ഹൈദരാബാദിന് ഈ വർഷത്തെ ഐപിഎൽ പ്ലേ ഓഫിലേക്ക് യോഗ്യത നൽകിയെന്നാണ് പല ക്രിക്കറ്റ് പ്രേമികളും കരുതുന്നത്. എന്നാൽ സത്യമതല്ല. പ്ലേ ഓഫ് യോഗ്യതയ്ക്ക് തൊട്ടരികിൽ മാത്രമാണ് അവർ. അല്ലാതെ യോഗ്യത നേടിയിട്ടില്ല. ഇനിയുള്ള നാല് മത്സരങ്ങളിലും പരാജയപ്പെടുകയും മറ്റ് ടീമുകളുടെ മത്സരഫലങ്ങൾ എതിരാവുകയും ചെയ്താൽ ഇനിയും സൺ റൈസേഴ്സ് പുറത്താവാനുള്ള സാധ്യതകളുണ്ട്.

കണക്കുകളിലെ കളി ഇങ്ങനെ,

സൺ റൈസേഴ്സ് ഇനിയുള്ള മത്സരങ്ങളെല്ലാം പരാജയപ്പെടുകയും മുംബൈ ഇന്ത്യൻസോ, രാജസ്ഥാൻ റോയൽസോ അവരുടെ എല്ലാ മത്സരങ്ങളും ജയിക്കുകയും ചെയ്യുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ജയിക്കുന്നു. കൊൽക്കത്തയോടും, മുംബൈയോടും തോൽക്കുന്ന പഞ്ചാബ്, ചെന്നൈ, ബാംഗ്ലൂർ, രാജസ്ഥാൻ എന്നിവർക്കെതിരെയുള്ള മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വിജയിക്കുന്നു. മുകളിലെ സാഹചര്യങ്ങൾ അതേ പടി വരികയാണെങ്കിൽ സൺ റൈസേഴ്സ്, മുംബൈ / രാജസ്ഥാൻ, ചെന്നൈ,കൊൽക്കത്ത, പഞ്ചാബ് എന്നീ ടീമുകൾക്കെല്ലാം 16 പോയിന്റ് വീതമാകുന്നു. ഇങ്ങനെ വരുമ്പോൾ നെറ്റ് റൺ റേറ്റാവും പ്ലേ ഓഫ് ടീമുകളെ തീരുമാനിക്കുക.

നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണെങ്കിൽ സൺ റൈസേഴ്സും ടൂർണമെന്റിൽനിന്ന് പുറത്താകും. നിലവിലെ സാഹചര്യത്തിൽ വളരെ വിദൂര സാധ്യതകൾ മാത്രമുള്ള കാര്യമാണിത്. എങ്കിലും ക്രിക്കറ്റായത് കൊണ്ട് സൺ റൈസേഴ്സ് അല്പം കരുതിയിരിക്കണമെന്ന് മാത്രം. അതേ സമയം അടുത്ത മത്സരത്തിൽ ജയിച്ചാൽ കണക്കുകളെ ആശ്രയിക്കാൻ നിൽക്കാതെ ഈ വർഷത്തെ ഐപിഎൽപ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകാൻ സൺ റൈസേഴ്സിന് കഴിയും.