SHARE

ഇന്ത്യയ്ക്ക് എക്കാലത്തും വെല്ലുവിളി നിറഞ്ഞതാണ് ഓസ്‌ട്രേലിയന്‍ പര്യടനം. കപില്‍ദേവ് മുതല്‍ ധോണി വരെയുള്ള ക്യാപ്റ്റന്‍മാരെല്ലാം കങ്കാരുക്കളുടെ മണ്ണില്‍ വിയര്‍ത്തിട്ടുണ്ട്. അടുത്തമാസം ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യ പോകുന്നത് അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം ടീമിനെ നേരിടാനാകും. ടിം പെയ്‌നിന്റെ കീഴില്‍ ശരാശരിക്കാരുടെ സംഘമാണ് ഓസീസ് ഇപ്പോള്‍. ഓസീസിനെതിരേ ഇന്ത്യയ്ക്ക് മികച്ച സാധ്യതയാണുള്ളതെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്യേഴ്‌സ് പറയുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരേ ആദ്യ ടെസ്റ്റാണ് നിര്‍ണായകം. പരമ്പരയെ തന്നെ ആദ്യ ടെസ്റ്റ് സ്വാധീനിക്കും. ലോക ക്രിക്കറ്റിലെ മികച്ച ബൗളിംഗ് യൂണിറ്റാണ് ഇന്ത്യയുടേത്. അവരുടെ ബാറ്റിങ് നിരയുടെ പ്രാപ്തിയും നമുക്കറിയാം. ഓസീസിനെതിരെ ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്.

വിരാടിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചും ഡിവില്യേഴ്‌സിന് നല്ല അഭിപ്രായം. തെറ്റുകളില്‍ നിന്നും കോഹ്‌ലി വേഗം പാഠം പഠിക്കുന്നു. മികച്ച നായകനാണ് കോഹ്‌ലി. കൂടുതല്‍ മികവിലേക്ക് വരുന്നു. നായകന്‍ എന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാനായും കോഹ്‌ലി പേടിപ്പിക്കുകയാണ്. എല്ലാം കൊണ്ടും കരിയറിലെ മികച്ച ഘട്ടത്തിലാണ് ബാംഗ്ലൂരിലെ തന്റെ സഹതാരമെന്ന് എബിഡി വ്യക്തമാക്കുന്നു.