SHARE

ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ഏ.ബി.ഡിവില്ലിയേഴ്സിനെ ആറാം സ്ഥാനത്ത് ബാറ്റിങ്ങിനിറക്കിയ ബെം​ഗളരുവിന്റെ തീരുമാനം വലിയ വിവാദമായിരുന്നു. മത്സരത്തിലെ ടീമിന്റെ തോൽവിക്ക് തന്നെ ഇതാണ് പ്രധാന കാരണമെന്ന് വിമർശനമുയരുന്നുണ്ട്. ഈ തീരുമാനത്തിനെതിരെ പല മുൻ താരങ്ങളും രം​ഗത്തെത്തിക്കഴിഞ്ഞു.

എന്നാലിപ്പോൾ ഡിവില്ലിയേഴ്സ് തന്ന ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ്. ഒരു ടീം പ്ലെയർ ആണ് ഞാൻ, ആ നിലയ്ക്ക് ക്യാപ്റ്റനും പരിശീലകനും എന്ത് തീരുമാനിക്കുന്നുവോ അതിനെ ഞാൻ പൂർണമായി പിന്തുണയ്ക്കും, മികച്ച ടീമുകൾ പ്രവർത്തിക്കുന്ന രീതി അങ്ങനെയാണ്, ഡിവില്ലിയേഴ്സ് ന്യൂസ് 18-ഓട് പറഞ്ഞു.

ആ സമയത്ത് പഞ്ചാബിനായി പന്തെറിഞ്ഞിരുന്നത് രണ്ട് ലെ​ഗ് സ്പിന്നർമാരായിരുന്നു, അതിനാൽ തന്നെ എന്നോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു, എന്നിട്ട് പകരം ഇടങ്കൈ ബാറ്റ്സ്മാൻമാരെ ഇറക്കി, ലോകത്തെല്ലായിടത്തും ലെ​ഗ് സ്പിന്നർമാരെ നേരിടാൻ ഇടങ്കൈ ബാറ്റ്സ്മാൻമാരെയാണ് ടീമുകൾ ഉപയോ​ഗിക്കുക, അതിനാൽ തന്നെ ഇവിടെ എടുത്തതും ന്യായമായ ഒരു തീരുമാനമാണ്, ഡിവില്ലിയേഴ്സ് പറഞ്ഞു.

അങ്ങനെയൊരു തീരുമാനം ടീം എടുത്തപ്പോഴോ അല്ലങ്കിൽ ഇപ്പോഴോ എനിക്കതിൽ ഒരു എതിർപ്പുമില്ല, എന്റെ ഭാ​ഗത്ത് നിന്ന് അക്കാര്യത്തിൽ ഒരു പ്രശ്നവുമില്ല, ടീം പറയുന്ന ഏത് പൊസിഷനിൽ എപ്പോൾ വേണമെങ്കിലും ബാറ്റ് ചെയ്യാൻ ഞാൻ തയ്യാറാണ്, ഡിവില്ലിയേഴ്സ് പറഞ്ഞു.