SHARE

മികച്ച ഫോമിൽ കളിച്ച് കൊണ്ടിരിക്കവെയായിരുന്നു 2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ് തീരുമാനിച്ചത്. ക്രിക്കറ്റ് ലോകത്തിന് മുഴുവൻ വലിയ ഞെട്ടലായിരുന്നു ഈ വാർത്ത സമ്മാനിച്ചത്. അന്താരാഷ്ട്ര തലത്തിൽ കളിക്കുമ്പോളുള്ള അമിത സമ്മർദ്ദമായിരുന്നു വിരമിക്കലിന് കാരണമായി അന്ന് ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടിയത്.

അതേ സമയം ഇപ്പോളിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് രണ്ട് വർഷമാകുന്നതിന് മുന്നേ തന്റെ വിരമിക്കൽ തീരുമാനം പിൻ വലിക്കാനുള്ള‌ സൂചനകൾ പുറത്ത് വിട്ടിരിക്കുകയാണ് താരം. ബിഗ് ബാഷ് ലീഗിനിടെ ക്രിക്കറ്റ് ഡോട്ട് കോം ഓയോട് സംസാരിക്കവെയായിരുന്നു ഡിവില്ലിയേഴ്സ് ഇക്കാര്യത്തിൽ സൂചന നൽകിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ തനിക്ക് ആഗ്രഹമുണ്ടെന്നും, ഇക്കാര്യം സംബന്ധിച്ച് ദക്ഷിണാഫ്രിക്കൻ പരിശീലകൻ മാർക്ക് ബൗച്ചർ, മുൻ ക്യാപ്റ്റനും ഇപ്പോളത്തെ അവരുടെ ഡയറക്ടർ ഓഫ് ക്രിക്കറ്ററായ ഗ്രെയിം സ്മിത്ത്, ടീം ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് എന്നിവരോട് സംസാരിച്ചിരുന്നതായും പറയുന്ന ഡിവില്ലിയേഴ്സ്, വിചാരിച്ചത് പോലെ കാര്യങ്ങൾ സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു.

അതേ സമയം 2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഡിവില്ലിയേഴ്സ്, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 114 ടെസ്റ്റുകളും, 228 ഏകദിനങ്ങളും, 78 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഡിവില്ലിയേഴ്സ് തിരിച്ചു വരുന്നത് ദക്ഷിണാഫ്രിക്കയേയും അതിശക്തരാക്കുമെന്നാണ്‌ കരുതപ്പെടുന്നത്.