SHARE

2018 ൽ ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിച്ച് കൊണ്ടായിരുന്നു ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. തുടർന്ന് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമായിരുന്ന താരം ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അടുത്ത ടി20 ലോകകപ്പിൽകളിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് കഴിഞ്ഞയിടയ്ക്ക് വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏകദിനത്തിലും കളിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെയിൻ ഹീറ്റ്സിന് വേണ്ടി കളിച്ച് കൊണ്ടിരിക്കേ, മുൻ ഓസീസ് താരവും‌ ഇപ്പോൾ കമന്റേറ്ററുമായ ആഡംഗിൽക്രിസ്റ്റിനോടായിരുന്നു ഡിവില്ലിയേഴ്സ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കാൻ ആഗ്രഹമുണ്ടെന്നും ഇക്കാര്യം സംബന്ധിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തുള്ളവരോട് താൻ സംസാരിച്ച് കഴിഞ്ഞതായും പറഞ്ഞ താരം എല്ലാംശുഭകരമായി സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു.

അതേ സമയം 2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഡിവില്ലിയേഴ്സ്, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ 114 ടെസ്റ്റുകളും, 228 ഏകദിനങ്ങളും, 78 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഡിവില്ലിയേഴ്സ് തിരിച്ചു വരുന്നത് ദക്ഷിണാഫ്രിക്കയേയും അതിശക്തരാക്കുമെന്നാണ്‌ കരുതപ്പെടുന്നത്.