SHARE

11ാം സീസണില്‍ ഐ പി എല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പേരുകള്‍ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും മഹേന്ദ്ര സിംഗ് ധോണിയെയും ആരാധകര്‍ ആഗ്രഹിച്ച പോലെ തന്നെ ടീമുകള്‍ നിലനിര്‍ത്തി. എന്നാല്‍ ഇതേ കൂട്ടത്തില്‍പ്പെടുത്താവുന്ന, ഗൗതം ഗംഭീറിനെയും ശിഖര്‍ ധവാനെയും ടീമുകള്‍ ഒഴിവാക്കിയതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കൊല്‍ക്കത്തയുടെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും ഇന്ത്യന്‍ മുഖങ്ങളായിരുന്നു ഗംഭീറും ധവാനും.

ആദ്യ മൂന്ന് സീസണുകളില്‍ വന്‍ പരാജയങ്ങളേറ്റ് വാങ്ങിയ ടീമിനെ മികച്ച ടീമാക്കി മാറ്റുന്നതില്‍ ഗംഭീര്‍ വലിയ പങ്കാണ് വഹിച്ചത്. കൊല്‍ക്കത്തക്കായി ഐ പി എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയതും ഗംഭീറാണ്. 108 ഇന്നിംഗ്‌സുകളില്‍ നിന്ന് 3035 റണ്‍സാണ് കൊല്‍ക്കത്തക്ക് വേണ്ടി അദ്ദേഹം നേടിയിട്ടുള്ളത്. എന്നിട്ടും താരത്തെ നിലനിര്‍ത്താതിരുന്നതില്‍ കൊല്‍ക്കത്തയുടെ ആരാധകര്‍ക്ക് അമര്‍ഷമുണ്ട്.

ശിഖര്‍ ധവാനാകട്ടെ, കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 479 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഐ പി എല്ലിന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനവും ധവാനുണ്ട്. 127 മത്സരങ്ങളില്‍ നിന്ന് 3561 റണ്‍സാണ് ധവാന്‍ നേടിയിട്ടുള്ളത്. 2013ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ പി എല്ലിലെത്തിയത് മുതല്‍ എല്ലാ സീസണുകളിലും ധവാന്‍ ടീമിന് വേണ്ടി സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നാലും നിലനിർത്തിയ താരങ്ങളുടെ പേര് ടീം പുറത്ത് വിട്ടപ്പോൾ ആരാധകർ പ്രതീക്ഷിച്ച ധവാന്റെ പേര് അതിലില്ല.

കഴിഞ്ഞ സീസണില്‍ ഓറഞ്ച് ക്യാപിന് വേണ്ടി ഡേവിഡ് വാർണർക്ക് പിന്നില്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ടായിരുന്ന താരങ്ങളെയാണ് ടീമുകള്‍ നിലനിര്‍ത്താതിരുന്നത് എന്നതാണ് ആരാധകരെ ഏറെ അമ്പരപ്പിക്കുന്നത്.എന്നാല്‍ ഈ താരങ്ങളെ റൈറ്റ് ടു മാച്ച് വെച്ച് വാങ്ങാനുള്ള സാധ്യത ആരാധകര്‍ തള്ളിക്കളയുന്നുമില്ല.