SHARE

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഗൗതം ഗംഭീറിനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന് പരുക്കേറ്റതോടെയാണ് ഗൗതം ഗംഭീറിനെ ടീമിലെടുത്തേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ധവാന്റെ പരുക്കിനെ കുറിച്ച് കൂടുതലൊന്നും പറയാനായിട്ടില്ലെന്നാണ് ബി സി സി ഐ അധികൃതര്‍ പറയുന്നത്.

നിലവില്‍ ടീമിനൊപ്പം തന്നെയുള്ള ധവാന് ജനുവരി നാലിന് നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇറങ്ങാന്‍ സാധിക്കില്ലെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. പരുക്ക് ഗുരുതരമാണെങ്കില്‍ ടെസ്റ്റ് പരമ്പര തന്നെ ധവാന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ആ സാഹചര്യത്തിലാണ് മറ്റൊരു താരത്തെ കൂടി ടീമിലെടുക്കുന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നത്.

അങ്ങനെ വന്നാല്‍ രഞ്ജി ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഗൗതം ഗംഭീറിന് നറുക്ക് വീഴാനാണ് സാധ്യത. ഗംഭീറിനെ തഴയുകയാണെങ്കില്‍ പിന്നെ അവസരമുള്ളത് അഭിനവ് മുകുന്ദിനാണ്. ശ്രീലങ്കക്കെതിരെ നടന്ന പരമ്പരയില്‍ അവസരം കിട്ടിയ മത്സരത്തില്‍ നേടിയ 82 റണ്‍സാണ് മുകുന്ദിനെ സെലക്ടടര്‍മാര്‍ക്കിടയില്‍ ശ്രദ്ധേയനാക്കുന്നത്. എന്തായാലും കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഗൗതം ഗംഭീര്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ച് കൊണ്ടിരിക്കുന്നത്.