SHARE

കഴിഞ്ഞ കുറച്ച് നാളുകളായി അത്ര മികച്ച സമയമല്ല ഇന്ത്യൻ സ്റ്റാർ ഓപ്പണർ ശിഖാർ ധവാന്റേത്. ബാറ്റിംഗിൽ ഫോം നഷ്ടത്തിലൂടെ കടന്ന് പോകുന്ന ധവാന്റെ പ്രകടനങ്ങൾ ആരാധകർക്ക് കടുത്ത നിരാശയാണ്‌ ഇപ്പോൾ സമ്മാനിക്കുന്നത്‌. മോശം ഫോമിന് പുറമേ പരിക്ക് കൂടി സംഭവിച്ചതോടെ കൂനിന്മേൽ കുരു എന്ന അവസ്ഥയിലാണ് ധവാൻ ഇപ്പോൾ.

ധവാന്റെ കാലിലാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റ കാലിൽ ചികിത്സ കഴിഞ്ഞെങ്കിലും അടുത്ത അഞ്ച് ദിവസങ്ങൾ കൂടി താരത്തിന് വിശ്രമം വേണ്ടി വരും. ധവാൻ തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്. പരിക്കിനെത്തുടർന്ന് ഡെൽഹിയുടെ അടുത്ത രണ്ട് മുഷ്താഖ് അലി ടി20 ട്രോഫി മത്സരങ്ങളിൽ ധവാന് കളിക്കാനാകില്ലെന്ന് ഇതോടെ ഉറപ്പായി.

നേരത്തെ ഈ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ തകർപ്പൻ ഫോമിൽ കളിച്ച് കൊണ്ടിരുന്നപ്പോൾ വിരലിന് പരിക്കേറ്റത് മുതലാണ് ധവാന്റെ കഷ്ടകാലം തുടങ്ങിയത്. പരിക്കിനെത്തുടർന്ന് ലോകകപ്പിനിടെ പാതിവഴിയിൽ നാട്ടിലേക്ക് വരേണ്ടി വന്ന ധവാൻ പരിക്ക് മാറിയെത്തിയെങ്കിലും പിന്നീട് നടന്ന പരമ്പരകളിലൊന്നും തിളങ്ങാനായിട്ടില്ല. അഭ്യന്തര ക്രിക്കറ്റിൽ ഡെൽഹിക്ക് വേണ്ടി കളിച്ച് ഫോം തിരിച്ചെടുക്കാൻ താരം ശ്രമിച്ചെങ്കിലും അവിടെയും തിരിച്ചടി മാത്രമായിരുന്നു ഇന്ത്യൻ സീനിയർ താരത്തി‌ന് നേരിടേണ്ടി‌വന്നത്‌. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ കളിച്ച മത്സരങ്ങളിൽ 0, 9, 19, 35, 24 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോറുകൾ. ടൂർണമെന്റിൽ ധവാന്റെ പ്രഹരശേഷി പോലും നൂറിൽത്താഴെയാണ്.