ഇന്ത്യന്‍ അണ്ടര്‍ 17 ഗോള്‍കീപ്പര്‍ ധീരജ് സിംഗ് ട്രയല്‍സിനായി യൂറോപ്പിലേക്ക്. സ്കോട്ടിഷ് ക്ലബ് മദര്വെല്ലിലേക്കാണ് താരം ട്രയല്‍സിന് വേണ്ടി എത്തുന്നത്. സ്കോട്ടിലാന്ഡിലേക്ക് പോവുന്നതിന് താരം തന്റെ ലക്ഷ്യത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു.
‘ ഞാന്‍ വലിയ ആവേശത്തിലാണ്, ടെന്‍ഷനുണ്ടെങ്കിലും വലിയ ഒരു അവസരമായിട്ടാണ് യൂറോപ്പിലെ ട്രയൽസിനെ കാണുന്നത്, അവിടെ ടീമിലിടം കിട്ടുമോയെന്ന് ഉറപ്പില്ല, എങ്കിലും കാണുന്നത് എന്നെ അളക്കാനുള്ള നല്ല മാർഗ്ഗമാണിത്, അവിടെയുള്ള മികച്ച താരങ്ങളുടെ ഒപ്പമെത്താന്‍ ഞാനിനിയും എത്രത്തോളം മനസ്സിലാക്കാനുള്ള അവസരമാണ്, എനിക്ക് കഴിയാവുന്നതില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഞാന്‍ കാഴ്ച്ച വെക്കും, ആത്മവിശ്വാസത്തോടെ തന്നെയാണ് പോവുന്നത്,’- ധീരജ് സിംഗ് പറഞ്ഞു.
ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച ധീരജ് സിംഗിനെ ഓസ്ട്രേലിയ, കാനഡ, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലെ രണ്ടാം ഡിവിഷന് ക്ലബുകളും ട്രയല്‍സിനായി ക്ഷണിച്ചിരുന്നു. എന്നാല്‍ സ്കോട്ടിഷ് ലീഗിലെ വമ്പന്മാരുടെ ഓഫര്‍ താരം സ്വീകരിക്കുകയായിരുന്നു. ഇതിനിടെ ഇന്ത്യന്‍ യുവനിര അണിനിരക്കുന്ന ഐ ലീഗിലെ ഇന്ത്യന്‍ ആരോസിന്റെ ഗോള്‍കീപ്പറായിരുന്നു ധീരജ്. പിന്നീട് ട്രയല്‍സിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സില്‍ താരം പരിശീലനത്തിനെത്തുകയും ചെയ്തു.