SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കി മണിപ്പൂരി താരം ദെനെചെന്ദ്ര മീത്തെ. മൂന്ന് വർഷത്തേക്കാണ് ഈ ലെഫ്റ്റ് ബാക്ക് ക്ലബുമായി കരാർ പുതുക്കിയത്. ഇതോടെ 2024 വരെ ദെനെ ബ്ലാസ്റ്റേഴ്സിലുണ്ടാകും. ക്ലബ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

27-കാരനായ ദെനെചന്ദ്ര, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്നു. 2020 ഓഗസ്റ്റിലാണ് ട്രാവുവിൽ നിന്ന് ദെനെ ബ്ലാസ്റ്റേഴ്സിലെത്തിയത്. തുടർന്ന് കഴിഞ്ഞ സീസണില്‍ ക്ലബിനായി ആറു മത്സരങ്ങളും കളിച്ചു. 500-മിനിറ്റുകളോളം കളിക്കളത്തിൽ ചിലവഴിച്ച ദെനെ തന്നെ ഏൽപ്പിച്ച ചുമതവ ഭം​ഗിയായി നിർവഹിച്ചു.

പത്താം വയസില്‍ പന്ത് തട്ട് തുടങ്ങിയ ദെനെ, മണിപ്പൂരി യൂത്ത് ടീമുകളിൽ ഇടം നേടിയതോടെയാണ് ശ്രദ്ധേയനായത്. പിന്നീട് മോഹൻ ബ​ഗാൻ, സാമ്പൽപൂർ എന്നീ അക്കാദമികളിൽ കളിച്ച ദെനെ, 2011-ൽ പൂനെയുടെ അക്കാദമിയിലെത്തി. തുടർന്ന് പൂനെ സീനിയർ ടീമിലെത്തിയ ദെനെ ചര്‍ച്ചില്‍ ബ്രദേഴ്‌സ്, നെറോക്ക എഫ്‌സി എന്നിവിടങ്ങളിൽ കളിച്ചശേഷമാണ് ട്രാവുവിലെത്തിയത്.

ദുഷ്‌ക്കരമായ സാഹചര്യങ്ങള്‍ക്കിടയിലും കെബിഎഫ്‌സിക്കൊപ്പമുള്ള എന്റെ ആദ്യ സീസണ്‍ മികച്ച അനുഭവമായിരുന്നുവെന്ന് ദെനെചന്ദ്ര മെയ്‌തെ പറഞ്ഞു. ക്ലബുമായുള്ള കരാര്‍ നീട്ടിയതില്‍ ഞാന്‍ സന്തുഷ്ടനാണ്, അടുത്ത വര്‍ഷം ഞങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സീസണ്‍ ലഭിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ക്ലബ്ബിന്റെ മികച്ച ആരാധകൂട്ടത്തെ ഉടനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ താരം വീട്ടില്‍ തന്നെ സുരക്ഷിതരായി തുടരാനും ആരാധകരോട് ആഹ്വാനം ചെയ്തു.