SHARE

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ഗോള്‍വല കാത്ത ധീരജ് സിംഗിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സിയില്‍ കണ്ടതാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ബുധനാഴ്ച്ച് ഡല്‍ഹിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്-ഡെല്‍ഹി ഡൈനാമോസ് മത്സരത്തിനിടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റൈ റിസര്‍വ് താരങ്ങള്‍ക്കൊപ്പം ധീരജിനെയും കണ്ടത്. ഇതാണ് ധീരജ് ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്.

ധീരജ് കഴിഞ്ഞയാഴ്ച്ച തന്നെ ബ്ലാസ്റ്റേഴ്‌സ് സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു. ടീമുമായി കരാറിലെത്തിയത് കൊണ്ടല്ല മറിച്ച് യൂറോപ്യന്‍ ടീമുകളിലേക്ക് ട്രയല്‍സിന് പോകുംമുമ്പ് കൂടുതല്‍ പരിശീലനം ലഭിക്കുന്നതിനാണ് താരം ടീമിനൊപ്പം ചേര്‍ന്നതെന്നാണ് സൂചന. പല ക്ലബുകളും ഇത്തരത്തില്‍ ഭാവിതാരങ്ങളെ ചിലപ്പോള്‍ ടീമിനൊപ്പം പരിശീലനം നടത്താന്‍ അനുവദിക്കാറുണ്ട്. ധീരജിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഐലീഗില്‍ ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്ന ധീരജിന്റെ കരാര്‍ ഡിസംബര്‍ 31ന് അവസാനിച്ചിരുന്നു. ഇതിനുശേഷം കരാര്‍ പുതുക്കിയിരുന്നില്ല. അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച താരങ്ങളാണ് ആരോസില്‍ ടീമില്‍ കളിക്കുന്നതിലേറെയും. കോച്ച് ഡിമാറ്റോസാണ് പരിശീലകന്‍. യൂറോപ്യന്‍ മോഹത്തെ തുടര്‍ന്നാണ് ധീരജ് കരാറിനുശേഷം ടീമില്‍ നിന്നു പിന്മാറിയത്.