SHARE

ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും സീനിയര്‍ താരമാണ് ധോണി. അത് കൊണ്ട് തന്നെ താരത്തിന്റെ പ്രകടനങ്ങള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നതും. എന്നാല്‍ വിമര്‍ശകരെ പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് ധോണി ഈ വര്‍ഷവും നടത്തിയിരിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമച്ചുവെങ്കിലും ഏകദിനത്തിലും ടി20യിലും കളിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ താന്‍ തന്നെയാണെന്ന് ധോണി തെളിയിച്ച് കൊണ്ടിരിക്കുന്നു. ഈ വര്‍ഷം ഏകദിനത്തിലും ടി20യിലും വിക്കറ്റിന് പിന്നില്‍ ഏറ്റവും കുടുതല്‍ താരങ്ങളുടെ അന്തകനായിട്ടുള്ളത് ധോണിയാണ്. ഏകദിനത്തില്‍ 29 മത്സരങ്ങളില്‍ നിന്ന് 39 പേരെയാണ് ധോണി പുറത്താക്കിയിട്ടുള്ളത്. ഇതില്‍ 26 ക്യാച്ചുകളും 13 സ്റ്റമ്പിംഗുകളുമാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലര്‍ 30 പേരെയാണ് പുറത്താക്കിയത്.

ടി20യില്‍ 13 മത്സരങ്ങളില്‍ നിന്ന് 13 ബാറ്റ്‌സ്മാന്‍മാരെ വിക്കറ്റിന് പിന്നിലെ പ്രകടനം കൊണ്ട് ധോണി തറപറ്റിച്ചു. ആറ് ക്യാച്ചുകളും ഏഴ് സ്റ്റമ്പിംഗുകളുമടക്കമാണിത്. ഇക്കാര്യത്തില്‍ ധോണിക്ക് പിന്നിലുള്ള 10 താരങ്ങളെ പുറത്താക്കിയ അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് ഷഹ്‌സാദ് ആണ്. 29 ഏകദിന മത്സരം കളിച്ച ധോണി 22 ഇന്നിംഗ്‌സുകളില്‍നിന്ന് 60.62 ശരാശരിയില്‍ 788 റണ്‍സാണ് ഇത്തവണ സ്വന്തം പേരിലാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വളരെ താഴെയായിരുന്ന കരിയര്‍ ഗ്രാഫ് ധോണി ഈ വര്‍ഷം ഉയര്‍ത്തി എന്നതാണ് ശ്രദ്ധേയമായ കാര്യം. ധോണി അടുത്ത ലോകകപ്പ് വരെ കളിക്കുമെന്ന് സെലക്ടര്‍മാരെ ക്കൊണ്ട് പറയിപ്പിക്കുന്നതും ധോണിയുടെ ഈ അദ്ഭുതകരമായ തിരിച്ചുവരവാണ്.