SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകങ്ങളാണ് മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്ലിയും. കോഹ്ലിയാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെങ്കിലും നിർണായക സമയങ്ങളിൽ തീരുമാനമെടുക്കാൻ അദ്ദേഹം ധോണിയുടെ സഹായം തേടാറുണ്ട്. ഇരുവരും തമ്മിലുള്ള സുഹൃദ് ബന്ധം സീനിയർ താരങ്ങളിൽ വരെ അസൂയ ജനിപ്പിക്കുന്നതാണ്. മോശം ഫോമിനെത്തുടർന്ന് ധോണി ടീമിൽ നിന്ന് പുറത്ത് പോവണമെന്ന് അജിത് അഗാർക്കറടക്കമുള്ള മുൻ താരങ്ങൾ ആവശ്യപ്പെട്ടപ്പോളും മുൻ ക്യാപ്റ്റനെ സംരക്ഷിച്ച് നിർത്തിയത് വിരാട് കോഹ്ലിയാണ്.

അങ്ങനെ പല കാര്യത്തിലും ഒറ്റക്കെട്ടായ ഇരുവരും ടീമിന്റെ ശമ്പള വർധനവിന്റെ കാര്യം വന്നപ്പോളും ഒരുമിച്ച് നിൽക്കുകയാണ്. തങ്ങൾക്ക് ലഭിക്കുന്ന ശമ്പളം പോരെന്നും അത് വർധിപ്പിക്കണമെന്നും പറഞ്ഞ് ആദ്യം മുന്നിട്ടിറങ്ങിയതും ഇവർ തന്നെ. ബി സി സി ഐ യുടെ വരുമാന വർധനവിന് ആനുപാതികമായി താരങ്ങളുടെ ശമ്പളവും വർധിപ്പിക്കണമെന്നായിരുന്നു രണ്ട് പേരുടേയും ആവശ്യം.

ദാ ഇന്നിപ്പോൾ ശമ്പളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനായി ഡൽഹിയിലെ കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ഓഫീസിൽ എത്തിയതും രണ്ട് പേരും ഒരുമിച്ച്. ഇന്ന് പക്ഷേ രണ്ട് പേരുടേയും കൂടെ പരിശീലകൻ രവി ശാസ്ത്രിയുമുണ്ടായിരുന്നു.

എല്ലാക്കാര്യത്തിലും ഒരുമിച്ച് ഒറ്റക്കെട്ടായി നിൽക്കുന്നത് കൊണ്ട് തന്നെ ഭയ്യാ- ഭയ്യാ എന്ന ചെല്ലപ്പേരും ഇവർക്ക് ക്രിക്കറ്റ് ലോകത്ത് വീണു കഴിഞ്ഞു. ഒരുമിച്ച് നിന്നാൽ എന്ത് കാര്യവും നേടിയെടുക്കാം എന്ന് കളിക്കളത്തിലും പുറത്തും ഇതിനോടകം പല തവണ തെളിയിച്ചു കഴിഞ്ഞ ധോണിയും കോഹ്ലിയും താരങ്ങളുടെ ശമ്പള വർധനവിന്റെ കാര്യത്തിലും തങ്ങൾക്കനുകൂലമായ തീരുമാനം നേടിയെടുക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട