SHARE

ശ്രീലങ്കക്കെതിരെ വമ്പന്‍ വിജയം സ്വന്തമാക്കിയ മത്സരത്തില്‍ ഇന്ത്യന്‍ താരം മഹേന്ദ്രസിംഗ് ധോണിക്ക് റെക്കോര്‍ഡുകളുടെ പെരുമഴ. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ഏറ്റവുമധികം ബാറ്റ്‌സ്മാരെ പുറത്താക്കുന്ന താരമായി മാറിയിരിക്കുകയാണ് ധോണി. 84 മത്സരങ്ങള്‍ കളിച്ച താരം 74 തവണ എതിര്‍താരങ്ങളെ പുറത്താക്കി. ഇതില്‍ 47 ക്യാച്ചുകളും 27 സ്റ്റമ്പിംഗുകളുമാണുള്ളത്. വിക്കറ്റിന് പിന്നിലും ഫീല്‍ഡിലും ഒരുപോലെ മികവ് തെളിയിച്ച ഡിവില്ലിയേഴ്‌സിനെയാണ് ഇക്കാര്യത്തില്‍ ധോണി മറികടന്നത്.

ഇന്നലെ നടത്തിയ മിന്നല്‍ ബാറ്റിംഗിലൂടെ അന്താരാഷ്ട്ര ടി20 യില്‍ 1300 റണ്‍സും തികച്ചു ധോണി. 1320 റണ്‍സുമായി ഏറ്റവുധികം റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ മൂന്നാമതാണ് ധോണിയിപ്പോള്‍. 1307 റണ്‍സ് നേടിയ സുരേഷ് റൈനയെയാണ് ഇന്നലെ മറികടന്നത്. അന്താരാഷ്ട്ര ടി20യില്‍ ഒരിന്നിംഗ്‌സില്‍ നാലിലധികം എതിര്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ കാര്യത്തിലും ധോണി റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. മൂന്നുതവണയാണ് ധോണി നാലിലധികം ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയിരിക്കുന്നത്. മുമ്പ് രണ്ട് വീതം തവണ ഈ നേട്ടം കൈവരിച്ച ആദം ഗില്‍ക്രിസ്റ്റ്, എ ബി ഡിവില്ലിയേഴ്‌സ്, ക്വിന്റന്‍ ഡി കോക്ക് എന്നിവര്‍ക്കൊപ്പം അദ്ദേഹം പങ്കിടുകയായിരുന്നു റെക്കോര്‍ഡ്.

ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത റെക്കോര്‍ഡില്‍ കുമാര്‍ സംഗക്കാരയോടൊപ്പമെത്തുകയും ചെയ്തു. 133 ക്യാച്ചുകള്‍ വീതമാണ് ഇരുവരുമെടുത്തിട്ടുള്ളത്. 121 ക്യാച്ചുകളെടുത്ത ദിനേഷ് കാര്‍ത്തിക്ക് ഇക്കാര്യത്തില്‍ രണ്ടാമതും കമ്രാന്‍ അക്മല്‍ (115) മൂന്നാമതുമാണ്. അതോടൊപ്പം മറ്റൊരു റെക്കോര്‍ഡും ധോണിക്ക് സ്വന്തമായി. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ 200 ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരവുമായി മാറി അദ്ദേഹം . 207 ബാറ്റ്‌സ്മാരെ പുറത്താക്കിയ കമ്രാന്‍ അക്മല്‍ മാത്രമാണ് ഇക്കാര്യത്തില്‍ ധോണിക്ക് മുന്നിലുള്ളത്.