SHARE

പതിനൊന്നാം സീസണ്‍ ഐ പി എല്ലില്‍ മികച്ച ഫോമിലാണ് ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. സീസണില്‍ ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ നിന്ന് 446 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 16 റണ്‍സെടുത്ത് പുറത്താവാതെ നിന്നതോടെ ഐ പി എല്ലില്‍ 4000 റണ്‍സ് തികക്കുന്ന ഏഴാമത്തെ താരമായി ധോണി മാറി. എന്നാല്‍ കിടിലനൊരു റെക്കോര്‍ഡും ഒപ്പം ധോണി സ്വന്തമാക്കിയിരിക്കുകയാണ്.

ഐ പി എല്‍ ചരിത്രത്തില്‍ ഏറ്റവും കുറവ് പന്തുകള്‍ നേരിട്ട് 4000 തികക്കുന്ന ഇന്ത്യന്‍ താരമായി ധോണി മാറി. 173 മത്സരങ്ങള്‍ കളിച്ച ധോണി 2886 പന്തുകള്‍ നേരിട്ടിട്ടാണ് 4000 കടന്നിരിക്കുന്നത്. ഐ പി എല്ലില്‍ 4000 കടന്ന ഒരേയൊരു വിദേശ താരമായ ഡേവിഡ് വാര്‍ണര്‍ക്കാണ് ഇക്കാര്യത്തിലെ ലോക റെക്കോര്‍ഡ്. 2824 പന്തുകള്‍ മാത്രം നേരിട്ട് വാര്‍ണര്‍ 4000 കടന്നിരുന്നു.

ചെന്നൈയിലെ സഹതാരം സുരേഷ് റെയ്‌നയെയാണ് ഇക്കാര്യത്തില്‍ ധോണി മറികടന്നത്. റെയ്‌നക്ക് 4000 കടക്കാന്‍ 2890 പന്തുകളാണ് ആവശ്യമായി വന്നത്. ഈ സീസണില്‍ തന്നെ 4000 കടന്ന റോബിന്‍ ഉത്തപ്പയാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്. 2961 പന്തുകളില്‍ നിന്നാണ് ഉത്തപ്പ 4000 കടമ്പ കടന്നത്. ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലി 4000 കടക്കാന്‍ 3060 പന്തുകള്‍ നേരിട്ടിരുന്നു. നിലവിൽ 4948 റൺസുമായി ഐ പി എൽ റൺവേട്ടയിൽ മുന്നിലാണ് കോഹ്ലി. 4931 റൺസുമായി സുരേഷ് റെയ്നയാണ് രണ്ടാം സ്ഥാനത്ത്.