SHARE

ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ നായകനുമായ മഹേന്ദ്ര സിംഗ് ധോണിയുടെ വലിയ ആരാധകനാണ് ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത്. ധോണിയോടുള്ള ആരാധനയും ഇഷ്ടവുമെല്ലാം ശ്രീകാന്ത് അറിയിച്ചത് ബി സി സി ഐ ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദിനെയായിരുന്നു. അത്രക്ക് വലിയൊരു അടുപ്പമുണ്ടായിരുന്നു പ്രസാദും ശ്രീകാന്തും തമ്മിൽ. ശ്രീകാന്തിന്റെ അച്ഛനായിരുന്നു പ്രസാദിനെ ക്രിക്കറ്റിലേക്ക് എത്തിക്കുന്നത്.

അതു കൊണ്ട് തന്നെ ഒരു സ്‌പെഷല്‍ സമ്മാനവും ശ്രീകാന്ത് പ്രസാദിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. മറ്റൊന്നുമല്ല, ധോണി ഒപ്പുവെച്ച ഒരു ക്രിക്കറ്റ് ബാറ്റ്. എന്തായാലുംം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ഒരു ചടങ്ങില്‍ വെച്ച് പ്രസാദ് ശ്രീകാന്തിന് ധോണിയുടെ സമ്മാനം കൈമാറി. ‘ എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണ് ശ്രീകാന്തിൻ്റെ അച്ഛന്‍ കെ വി എസ് കൃഷ്ണ, അദ്ദേഹത്തിന്റെ മകന്‍ ശ്രീകാന്ത് ധോണി ആരാധകനായിരുന്നു, എന്നോട് ഇക്കാര്യം പറയുകയും ധോണിയുടെ കയ്യില്‍ നിന്ന് ഒപ്പുവെച്ച ബാറ്റ് വാങ്ങിത്തരണമെന്നും പറഞ്ഞു, ബാഡ്മിന്റണില്‍ മികവ് കാട്ടിയാല്‍ സമ്മാനം തരാമെന്നും ഞാന്‍ അവനോട് പറഞ്ഞു,- പ്രസാദ് പറഞ്ഞു.

‘ഇക്കാര്യം ധോണിയെ അറിയിച്ചപ്പോള്‍ അദ്ദേഹവും വലിയ സന്തോഷത്തിലായി, സമ്മാനം നല്‍കാന്‍ എന്നെ ഏല്‍പ്പിക്കുകയും ചെയ്തു’ – അദ്ദേഹം കൂട്ടിച്ചേർത്തു. ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ശ്രീകാന്ത്. ഈ വര്‍ഷം ഏപ്രിലില്‍ താരം ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇന്ത്യന്‍ ജേഴ്‌സിയില്‍ 6 ടെസ്റ്റ് മത്സരങ്ങളും 17 ഏകദിനങ്ങളുമാണ് പ്രസാദ് കളിച്ചിട്ടുള്ളത്.