SHARE

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന മഹേന്ദ്ര സിങ് ധോണി ധോണി, കഴിഞ്ഞ ദിവസം തന്റെ പരിശീലനം പുനരാരംഭിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപ് ജാർഖണ്ട് രഞ്ജി‌ടീമിനൊപ്പം പരിശീലിക്കാനെത്തിയ ധോണി നെറ്റ്സിൽ ഏറെനേരം ബാറ്റിംഗ് പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം ധോണി പരിശീലനം പുനരാരംഭിച്ചത് ആരാധകർക്ക് വലിയ ആവേശമായിരുന്നു നൽകിയത്.

ഏറെക്കാലത്തിന് ശേഷം പരിശീലനത്തിനെത്തിയ ധോണി ആദ്യ ദിനം തന്നെ മികച്ച രീതിയിലാണ് നെറ്റ്സിൽ ബാറ്റ് ചെയ്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ജാർഖണ്ട് പരിശീലകൻ രാജീവ് കുമാർ. ഏറെക്കാലം ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന ധോണി പരിശീലനം പുനരാരംഭിച്ചപ്പോൾ ഏറെ ബുദ്ധിമുട്ടിയേക്കുമെന്ന് താൻ കരുതിയെങ്കിലും അതുണ്ടായില്ലെന്നും, പന്തുകളെല്ലാം ബാറ്റിന്റെ മധ്യത്തിൽത്തന്നെ അദ്ദേഹം കൊള്ളിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ജാർഖണ്ട് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ, ” സത്യം പറഞ്ഞാൽ ധോണി ഏറെക്കാലത്തിന് ശേഷമാണ് പരിശീലനം പുനരാരംഭിക്കുന്നത് എന്നത് കൊണ്ട് തന്നെ അദ്ദേഹം നെറ്റ്സിൽ പതറുമെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പന്തുകളെല്ലാം ബാറ്റിന്റെ മധ്യത്തിൽ ത്തന്നെ കൊള്ളിച്ചു. സ്പിന്നർമാർക്കെതിരെയും, പേസർമാർക്കെതിരെയും ഒരേ പോലെ അദ്ദേഹം അനായാസമായി കളിച്ചു. കുറച്ച് നാളുകൾക്ക് മുൻപ് ധോണിയെ കണ്ടപ്പോൾ, ജനുവരിയിൽ താൻ പരിശീലനം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു‌. അന്ന് പറഞ്ഞ കാര്യം അദ്ദേഹം പാലിച്ചു. ജനുവരിയിൽ ത്തന്നെ ധോണി ക്രിക്കറ്റ് പരിശീലനത്തിലേക്ക് മടങ്ങിയെത്തി. ” രാജീവ് കുമാർ പറഞ്ഞുനിർത്തി.