SHARE

ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നിർണായക താരമാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മഹേന്ദ്ര സിംഗ് ധോണി. ടൂർണമെന്റിൽ മികവ് കാട്ടാൻ ഇത് വരെ ധോണിക്ക് കാര്യമായ അവസരം ലഭിച്ചിട്ടില്ലെങ്കിലും, വിക്കറ്റിന് പിന്നിൽ നിർണായക ദൗത്യമാണ് താരത്തിനുള്ളത്‌. മത്സരങ്ങളിലുടനീളം വിക്കറ്റിന് പിന്നിൽ നിന്ന് ബോളർമാർക്ക് കൃത്യമായ നിർദ്ദേശം നൽകുന്ന ധോണി, പലപ്പോളും ഫീൽഡ് സെറ്റ് ചെയ്യാനും മുൻപന്തിയിലുണ്ടാവാറുണ്ട്.

വിക്കറ്റ് കീപ്പറുടേയും, ബാറ്റ്സ്മാന്റേയും ജോലി ഗംഭീരമായി ചെയ്യുന്ന ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ മീഡിയം പേസ് ബൗളിംഗും പരീക്ഷിച്ചിട്ടുണ്ട്‌. ഏകദിനത്തിൽ ഒരു വിക്കറ്റും തന്റെ മീഡിയം പേസ് ബൗളിംഗിലൂടെ ധോണി വീഴ്ത്തിയിട്ടുണ്ട്. ഇപ്പോളിതാ അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുൻപ് തന്റെ സ്പിൻ ബോളിംഗുമായി വാർത്തകളിൽ നിറയുകയാണ് താരം. മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം നടത്തിയ പരിശീലനത്തിനിടെ ധോണി തന്റെ സ്പിൻ ബോളിംഗ് പരീക്ഷിക്കുന്നത് ആരാധകരെ ഏറെ ആവേശം കൊള്ളിച്ചു. ധോണി സ്പിൻ ബോൾ എറിയുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ വൈറലാണ്.