SHARE

ലോകക്രിക്കറ്റിലെ കൂര്‍മ ബുദ്ധിക്കാരനായ ക്യാപ്റ്റനെന്നാകും ചരിത്രം എം.എസ്. ധോണിയെ വിലയിരുത്തുക. തന്റെ കളിക്കാരെ സമര്‍ഥമായി ഉപയോഗിക്കുന്ന, എതിരാളിയുടെ ശക്തിയും ദൗര്‍ബല്യവും കൃത്യമായി മനസിലാക്കുന്ന മറ്റൊരു നായകന്‍ ഉണ്ടായേക്കില്ല. വിക്കറ്റ് കീപ്പറായിരുന്ന കേദാര്‍ ജാദവിനെ പോലൊരു കളിക്കാരനെ ബൗളറാക്കി അവതരിപ്പിച്ച കൗശല്യം മാത്രം മതിയാകും ധോണിയെ അളക്കാന്‍. ഇപ്പോഴിതാ താന്‍ 2007ല്‍ ഇന്ത്യന്‍ ടീമിന്റെ നായകനായത് എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് ധോണി.

ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നായകനായി സെലക്ടര്‍മാര്‍ തന്നെ തെരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍ ക്യാപ്റ്റന്‍ കൂള്‍ തുറന്നുപറയുന്നത്. അന്ന് ടീം ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകളിലോ ഒന്നും ഞാന്‍ പങ്കെടുത്തിരുന്നില്ല. എനിക്ക് തോന്നുന്നത് കളിയെ ശരിയായി വായിച്ചെടുക്കാനും നിയന്ത്രിക്കാനുമുള്ള എന്റെ കഴിവാണ് ക്യാപ്റ്റന്‍സി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്. അന്ന് ടീമിലെ ജൂണിയര്‍ താരങ്ങളിലൊരാളായിരുന്നു ഞാന്‍. കളിയെക്കുറിച്ചും ടീമിന്റെ പ്രകടനത്തെ പറ്റിയും ഏതെങ്കിലുമൊരു സീനിയര്‍ താരം എന്നോട് അഭിപ്രായം ചോദിച്ചാല്‍ ഒട്ടും പരിഭ്രമിക്കാതെ എന്റെ മനസിലുള്ള ആശയങ്ങള്‍ പങ്കുവച്ചിരുന്നു.

ആ സമയത്ത് ടീമിലെ മറ്റു സഹതാരങ്ങളുമായി എനിക്ക് നല്ലൊരു ബന്ധവുമുണ്ടായിരുന്നു. ക്യാപ്റ്റനാക്കാന്‍ ഇതെല്ലാം ഒരു കാരണമായേക്കാം- ധോണി പറയുന്നു. 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പില്‍ ധോണിയുടെ കീഴില്‍ ഇന്ത്യ കിരീടം ചൂടിയിരുന്നു. അതിനുശേഷം സ്വദേശത്തും വിദേശത്തുമായി നിരവധി പരമ്പരകളും 2011ലെ ലോകകപ്പും മഹിയുടെ കീഴില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.