SHARE

പാക്കിസ്ഥാനെതിരായ ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ മത്സരം മഹേന്ദ്ര സിംഗ് ധോണിയെ മറ്റൊരു നേട്ടത്തിലെത്തിച്ചു. ഇന്ത്യയ്ക്കായി ഏറ്റവുമധികം മത്സരം കളിച്ച താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായി ധോണി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലുമായി 505 മത്സരങ്ങളാണ് മഹി കളിച്ചത്. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് ധോണിക്കു മുന്നിലുള്ളത്.

രാഹുല്‍ ദ്രാവിഡായിരുന്നു ഞായറാഴ്ച്ച വരെ റിക്കാര്‍ഡ് ബുക്കില്‍ രണ്ടാംസ്ഥാനത്ത്. 504 മത്സരങ്ങളിലാണ് ദ്രാവിഡ് ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. ഒന്നാം സ്ഥാനത്തുള്ള സച്ചിന്‍ 664 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. മുപ്പത്തിയേഴുകാരനായ ധോണിക്ക് സച്ചിന്റെ നേട്ടം മറികടക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്.

കൂടുതല്‍ മത്സരം കളിച്ചവരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദീനാണ്. 433 മത്സരങ്ങള്‍ അസ്ഹര്‍ കളിച്ചിട്ടുണ്ട്. 334 ഏകദിനവും 99 ടെസ്റ്റുകളും. സൗരവ് ഗാംഗുലി അഞ്ചാം സ്ഥാനത്താണ്, 421 മത്സരങ്ങളുമായി. വിരാട് കോഹ്‌ലി ഇതുവരെ 344 മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു.