SHARE

 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ആത്മപരിശോധന നടത്തേണ്ട സമയമാണെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. പ്രതാപകാലത്തേപ്പോലെ മത്സരങ്ങള്‍ ഫിനീഷ് ചെയ്യാന്‍ കഴിയുന്നുണ്ടോ എന്നും കരിയറില്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്ന കാര്യത്തിലുമാണ് അദ്ദേഹം ആത്മ പരിശോധന നടത്തേണ്ടതെന്നും ദാദ പറഞ്ഞു. കാരണം ധോണിയേയും കോഹ്‌ലിയേയും സച്ചിനേയും പോലുള്ള താരങ്ങളില്‍ നിന്നും ആരാധകര്‍ എക്കാലവും പ്രതാപകാലത്തെ പ്രകടനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ താരങ്ങള്‍ക്കും വിരമിക്കല്‍ അനിവാര്യമാണ്. ബ്രാഡ്മാനേയും മറഡോണയേയും സച്ചിനേയും പോലുള്ള താരങ്ങളും ഈ ഘട്ടത്തിലൂടെ കടന്നു പോയവരാണ്, എന്നാല്‍ എപ്പോള്‍ വിരമിക്കണമെന്ന കാര്യം ധോണിയുടെ മാത്രം തീരുമാനമാണെന്നും ഗാംഗുലി പറഞ്ഞു. കാരണം ഇനി കളിക്കാന്‍ എത്രമാത്രം ഉര്‍ജ്ജം ബാക്കിയുണ്ടെന്ന കാര്യം കളിക്കാരനു മാത്രമേ അറിയൂ എന്നും ദാദ കൂട്ടിച്ചേര്‍ത്തു.

എക്കാലത്തും ധോണിയുടെ സേവനം ലഭിക്കുമെന്ന് ആരും കരുതേണ്ട. ധോണിയില്ലാതെയും കളി ജയിക്കാന്‍ ഇന്ത്യന്‍ ടീം സജ്ജരായേ മതിയാവൂ എന്നും ഗാംഗുലി പറഞ്ഞു. ലോകകപ്പില്‍ പ്രതീക്ഷയ്‌ക്കോത്ത പ്രകടനം കാഴ്ച വയ്ക്കാത്തതിന് ഏറെ പഴി കേട്ട ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനു പിന്നാലെയെണ് വിന്‍ഡിസ് പര്യടനത്തില്‍ നിന്നും സ്വയം ഒഴിവായ ധോണി രണ്ട് മാസത്തെ സൈനീക സേവനത്തിനു പോയത്.