SHARE

11ാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മഹേന്ദ്രസിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിക്കും. നിലനിര്‍ത്തിയ താരങ്ങളെ അറിയിക്കേണ്ട ചടങ്ങില്‍ വെച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി ഇ ഒ ആണ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. ധോണിയ്‌ക്കൊപ്പം ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെയും ചെന്നൈ നിലനിര്‍ത്തിയിട്ടുണ്ട്.

മൂന്ന് താരങ്ങളെ നിലനിര്‍ത്തിയ ചെന്നൈക്ക് 27, 28ന് നടക്കുന്ന ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി രണ്ടു താരങ്ങളെ സ്വന്തമാക്കാം. ഇവര്‍ രണ്ടു പേരും വിദേശതാരങ്ങളായിരിക്കണം. രണ്ടുവര്‍ഷത്തിന് ശേഷം ധോണിയെ ചെന്നൈ കൂപ്പായത്തില്‍ കാണാനുള്ള ഭാഗ്യമാണ് ഇതോടെ ആരാധകര്‍ക്ക് വന്നിട്ടുള്ളത്.

129 മത്സരങ്ങളില്‍ ചെന്നൈയെ നയിച്ച ധോണി രണ്ടുവര്‍ഷങ്ങളില്‍ ടീമിന് ഐ പി എല്‍ കിരീടം സമ്മാനിച്ചു. എല്ലാ ഐ പി എല്‍ സീസണുകളിലും 350 റണ്‍സിന് മുകളില്‍ നേടിയിട്ടുള്ള സുരേഷ് റെയ്‌ന ഐ പി എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും ഗുജറാത്ത് ലയണ്‍സിന്റെ നായകനായിരുന്നു റെയ്‌ന. 2012 മുതല്‍ 2015 വരെ ചെന്നൈയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ജഡേജ 55 വക്കറ്റുകളും 670 റണ്‍സും നേടിയിട്ടുണ്ട്. മൂന്ന് കരുത്തുറ്റ ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തുന്നത് വഴി ശക്തമായ ടീമായിരിക്കും ഈ സീസണിലും തങ്ങളുടേതെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.