SHARE

2018 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ ടീമിൽ തിരിച്ചെത്താനുള്ള സാധ്യതകൾ വർധിച്ചു. അടുത്ത സീസണിൽ ടീമുകൾക്ക് തങ്ങളുടെ കൂടെയുള്ള അഞ്ച് താരങ്ങളെ വരെ നിലനിർത്താമെന്നും ഇതോടൊപ്പം 2015 സീസണിൽ തങ്ങളുടെ ടീമിലുണ്ടായിരുന്ന താരങ്ങളെ ചെന്നൈ സൂപ്പർ കിംഗ്സിനും രാജസ്ഥാൻ റോയൽസിനും തിരിച്ച് ടീമിലെത്തിക്കാമെന്നും ഐ പി എൽ ഗവേണിംഗ് കൗൺസിൽ ഇന്ന് പ്രഖ്യാപിച്ചതോടെയാണ് ഇത്.

ഒത്തുകളി വിവാദത്തെത്തുടർന്ന് വിലക്ക് ലഭിച്ചതിനാൽ കഴിഞ്ഞ രണ്ട് വർഷവും ഐപി എൽ കളിക്കാൻ ചെന്നൈയ്ക്കും രാജസ്ഥാനും കഴിഞ്ഞിരുന്നില്ല. ഇവരുടെ അഭാവത്തിൽ താൽക്കാലിക ടീമുകളായ പൂനെ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ലയൺസ് എന്നിവരായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ ഐ പി എല്ലിനിറങ്ങിയത്.

രണ്ട് വർഷത്തെ വിലക്കിന് ശേഷം അടുത്ത വർഷം ലീഗിലേക്ക് തിരിച്ചെത്തുന്ന ഇരു ടീമുകൾക്കും ഏറെ സന്തോഷം പകരുന്ന തീരുമാനമാണ് ഇന്ന് ഐ പി എൽ ഗവേണിംഗ് കൗൺസിൽ കൈക്കൊണ്ടിരിക്കുന്നത്. താരങ്ങളെ നില നിർത്താൻ അവസരം ലഭിച്ചതോടെ തങ്ങളുടെ അഭിമാനവും ടീമിന്റെ നട്ടെല്ലുമായിരുന്ന നായകൻ മഹേന്ദ്ര സിംഗ് ധോനിയെ ചെന്നൈ ടീം തിരികെയെത്തിക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യൻ നായക സ്ഥാനം കോഹ്ലിക്ക് കൈമാറിയ ധോണിയെ ഒരിക്കൽക്കൂടി ക്യാപ്റ്റൻ സ്ഥാനത്ത് കാണാനുള്ള ഭാഗ്യമാകും അടുത്ത ഐ പി എല്ലിൽ ആരാധകർക്ക് ലഭിക്കുക. ചെന്നൈ ഇല്ലാതിരുന്ന കഴിഞ്ഞ രണ്ട് വർഷവും പൂനെ സൂപ്പർ ജയന്റ്സിലായിരുന്നു ധോനി കളിച്ചിരുന്നത്. ഇതിൽ ആദ്യ വർഷം മാത്രമാണ് അദ്ദേഹം ടീമിനെ നയിച്ചത്.

ലീഗിലുള്ള പത്ത് ടീമുകൾക്കും അഞ്ച് താരങ്ങളെ വരെ നിലനിർത്താൻ കഴിയുന്ന സംവിധാനമാണ് ഐ പി എൽ ഗവേണിംഗ് കൗൺസിൽ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് രീതിയിൽ ടീമുകൾക്ക് താരങ്ങളെ നിലനിർത്താം. ലേലത്തിന് മുൻപ് നേരിട്ടും, പ്ലേയർ റിട്ടൻഷൻ സംവിധാനമുപയോഗിച്ച് ലേലത്തിൽ നിന്നും. (തങ്ങളുടെ ടീമുകളിൽ മുൻ വർഷം കളിച്ചിരുന്ന കളികാരനെ ലേലത്തിൽ നിന്ന് വാങ്ങുന്നതിനെയാണ്‌പ്ലേയർ റിട്ടൻഷൻ രീതി എന്ന് പറയുന്നത്).

ധോണി തങ്ങളുടെ ടീമിലെത്തുമെന്ന് ഏകദേശം ഉറപ്പായതോടെ ഏറെ സന്തോഷത്തിലാണ് ചെന്നൈ ആരാധകർ. 2008 മുതൽ 2015 വരെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായിരുന്ന അദ്ദേഹം 2010,11 വർഷങ്ങളിൽ ടീമിനെ കിരീടം ചൂടിച്ചതിനൊപ്പം_ 2008,12,13,15 വർഷങ്ങളിൽ ടീമിനെ ഫൈനലിലേക്കും നയിച്ചിരുന്നു.