SHARE

കഴിഞ്ഞ‌ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുന്ന ഇന്ത്യൻ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി അടുത്ത മാസം ഒന്നാം തീയതി പരിശീലനം പുനരാരംഭിക്കും. മാർച്ച് ഒന്ന് മുതൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാവും ധോണി പരിശീലനം നടത്തുക. സൂപ്പർ താരം‌ വീണ്ടും പരിശീലനം തുടങ്ങുന്നത് ആരാധകർക്ക് ഏറെ ആവേശം നൽകുന്നുണ്ട്.

ഇത്തവണത്തെ ഐപിഎല്ലിലും ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയാണ്. മാർച്ച് അവസാനം ആരംഭിക്കാനിരിക്കുന്ന ഇത്തവണത്തെ ഐപിഎല്ലിന് മുൻപ്‌ ഫോമിലേക്ക് തിരിച്ചെത്തുകയാണ് സീസണിന് ഏകദേശം ഒരു മാസം മുന്നേ പരിശീലനം തുടങ്ങാനിരിക്കുന്ന ധോണിയുടെ ലക്ഷ്യം. മാർച്ച് ഒന്ന് മുതൽ രണ്ടാഴ്ചക്കാലം ധോണി ചെന്നൈയിൽ പരിശീലനം നടത്തുമെന്നാണ് റിപ്പോർട്ട്. തുടർന്ന് 4,5 ദിവസത്തെ വിശ്രമത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ധോണി, സീസൺ തുടങ്ങാറാവുമ്പോളേക്ക്‌ വീണ്ടും പരിശീലനത്തിലേക്ക് മടങ്ങിയെത്തും.

അതേ സമയം ചെന്നൈ‌സൂപ്പർ കിംഗ്സ് താരങ്ങളായ സുരേഷ് റെയ്ന, അമ്പാട്ടി റായുഡു എന്നിവർ കഴിഞ്ഞ മൂന്നാഴ്ചയോളം ചെന്നൈയിൽ പരിശീലനം നടത്തിയിരുന്നു. നിലവിൽ തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയ ഈ താരങ്ങൾ മാർച്ച് 2 ന് വീണ്ടും പരിശീലനത്തിനായി തിരിച്ചെത്തും. അതേ സമയം അടുത്ത മാസം പത്താം തീയതിയാണ് ഔദ്യോഗികമായി ചെന്നൈ‌സൂപ്പർ കിംഗ്സിന്റെ ഐപിഎൽ മുന്നൊരുക്ക ക്യാമ്പ് ആരംഭിക്കുന്നത്.