SHARE

2019ല്‍ ഇംഗ്ലണ്ടിലും വെയ്‌സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ധോണി തന്നെയായിരിക്കുമെന്ന് ടീം സെലക്ടര്‍ എം എസ് കെ പ്രസാദ്. നിരവധി യുവതാരങ്ങളാണ് ധോണിക്ക് ശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരാവുന്നതിന് വേണ്ടി കാത്തിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ പോയിട്ട് ലോകക്രിക്കറ്റില്‍ പോലും ഇന്ന് ധോണിയേക്കാള്‍ മികച്ച ഒരു വിക്കറ്റ് കീപ്പറില്ലെന്നാണ് എം എസ് കെ പ്രസാദിന്റെ അഭിപ്രായം.

ഇന്ത്യ എ ടീം നടത്തുന്ന പര്യടനങ്ങളില്‍ നിന്ന് പുതിയ വിക്കറ്റ് കീപ്പര്‍മാരെ വളര്‍ത്തിക്കൊണ്ടു വരാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ലോകകപ്പ് വരെ ധോണി തന്നെ തുടരുമെന്ന കണക്കു കൂട്ടലുകളാണ് സെലക്ടര്‍മാരുടെ മനസ്സില്‍. ”ധോണി തന്നെയാണ് ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പര്‍, ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ പോലും അദ്ദേഹം നടത്തുന്ന പ്രകടനം നോക്കൂ, വിക്കറ്റിന് പിന്നില്‍ ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ധോണി കാഴ്ച്ച വെച്ച് കൊണ്ടിരിക്കുന്നത്. അതിനാല്‍ ലോകകപ്പ് വരെ അദ്ദേഹം തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം” – എം എസ് കെ പ്രസാദ് പറയുന്നു.

ശ്രീലങ്കക്കെതിരെ ആദ്യമത്സരത്തില്‍ നടത്തിയ മികച്ച പ്രകടനം ധോണിക്ക് നിരവധി റെക്കോര്‍ഡുകളാണ് നേടിക്കൊടുത്തത്. അതോടൊപ്പം ബാറ്റിംഗിലും താരതമ്യേനെ ഭേദപ്പെട്ട പ്രകടനം ധോണി നടത്തുന്നുണ്ട്. ആദ്യമത്സരത്തില്‍ 22 പന്തില്‍ 39 റണ്‍സെടുത്ത് ധോണി പുറത്താവാതെ നിന്നപ്പോള്‍ രോഹിത് ശര്‍മ്മ നിറഞ്ഞാടിയ രണ്ടാം മത്സരത്തില്‍ 28 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം.