SHARE

ഇന്ത്യൻ സീനിയർ താരം മഹേ‌ന്ദ്ര സിംഗ് ധോണി അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ കളിക്കാനുണ്ടാകുമെന്ന് വിൻഡീസ് സൂപ്പർ താരം ഡ്വെയിൻ ബ്രാവോ. ധോണി ഇത് വരെ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും, അത് കൊണ്ട് തന്നെ അദ്ദേഹം ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കളിക്കുമെന്നും പറയുന്ന ബ്രാവോ, ക്രിക്കറ്റിന് വെളിയിലുള്ള കാര്യങ്ങൾ ഒരിക്കലും ധോണിയുടെ കളിയെ സ്വാധീനിക്കാറില്ലെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ മനസ് തുറക്കുകയായിരുന്നു ബ്രാവോ‌.

മുൻ വെസ്റ്റിൻഡീസ് നായകന്റെ വാക്കുകൾ ഇങ്ങനെ,
” ധോണി വിരമിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അദ്ദേഹം ടി20 ലോകകപ്പിൽ കളിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ക്രിക്കറ്റിന് വെളിയിലുള്ള കാര്യങ്ങൾ ഒരിക്കലും ധോണിയെ സ്വാധീനിക്കാറില്ല. ഞങ്ങളോടും അദ്ദേഹം അത് തന്നെയാണ് പറഞ്ഞുതന്നിട്ടുള്ളത്. ഒരിക്കലും പരിഭ്രാന്തരാകരുതെന്നും, സ്വന്തം കഴിവിൽ അവിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.” ബ്രാവോ പറഞ്ഞു നിർത്തി.