SHARE

ലയണല്‍ മെസിയുടെ റോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കൈകാര്യം ചെയ്യുന്നത് ബെല്‍ജിയന്‍ താരം കെവിന്‍ ഡി ബ്രുയനാണെന്ന് ബാഴ്‌സലോണയുടേയും സ്‌പെയിനിന്റെയും മുന്‍ സൂപ്പര്‍താരം സാവി ഹെര്‍ണാണ്ടസ്. ദ മിററിനോടാണ്‌ സാവി ഇക്കാര്യം പറഞ്ഞത്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെപ് ഗ്വാര്‍ഡിയോള ബാഴ്‌സലോണയുടെ ഡി.എന്‍.എ ചേര്‍ത്തിട്ടുണ്ട്‌. ഗ്വര്‍ഡിയോളയുടെ ടീം ടീമായിട്ട്‌ തന്നെയാണ് ജയിക്കുന്നത്. എന്നാല്‍ ചില സ്‌പെഷ്യല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സ്‌പെഷ്യല്‍ താരങ്ങള്‍ വേണം, ബാഴ്‌സലോണയില്‍ അത് മെസിയായിരുന്നു.മാഞ്ചസ്റ്റര്‍ സിറ്റിയില്‍ അത് ഡിബ്രുയനാണ്.

”എപ്പോഴൊക്കെ ഡി ബ്രുയന്‍ കാലില്‍ പന്തെത്തുന്നുവോ അപ്പോഴൊക്കെ പ്രത്യേകിച്ച് എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന തോന്നലാണുണ്ടാകുന്നത്‌” സാവി പറഞ്ഞു. ഡേവിഡ് സില്‍വ തന്റെ കരിയറിലെ ഏറ്റവു മികച്ച കളിയാണ് ഇപ്പോള്‍ സിറ്റിക്ക് വേണ്ടി കളിക്കുന്നതെന്നും സാവി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബാഴ്‌സലോണയുടെ പരിശീലകനായിരുന്ന ഗ്വാര്‍ഡിയോള കഴിഞ്ഞ സീസണിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്താനാകാതിരുന്ന സിറ്റി ഇക്കുറി മിന്നുന്ന ഫോമിലാണ്. ലീഗില്‍ എതിരാളികളെ ബഹുദൂരം പിന്നാലാക്കി കുതിക്കുന്ന സിറ്റി കിരീടം ഉറപ്പിച്ച മട്ടാണ്. സീസണില്‍ ആകെ ഒരു തോല്‍വി മാത്രമാണ് സിറ്റി വഴങ്ങിയത്.