SHARE

സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്കൊപ്പം കളിക്കാൻ താൻ തയ്യാറാണെന്നും ലയണൽ മെസിക്കൊപ്പം എപ്പോളും കളിക്കാനുള്ള ആഗ്രഹമാണ് ഇതിനുള്ള ഒരേയൊരു കാരണമെന്നും അർജന്റൈൻ സൂപ്പർ താരം ഏഞ്ചൽ ഡി മരിയ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഡി മരിയ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

നിലവിൽ ഫ്രെഞ്ച് ക്ലബ്ബായ പി എസ് ജിയുടെ താരമായ ഡി മരിയ മുൻപ് ബാഴ്സലോണയുടെ ചിരവൈരികളായ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിനിടെയായിരുന്നു ബാഴ്സലോണയിൽ കളിക്കുന്നതിന്റെ സാധ്യതകളെപ്പറ്റിയുള്ള ചോദ്യം ഡിമരിയയ്ക്ക് നേരിടേണ്ടി വന്നത്. ഇതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, “മെസിക്കൊപ്പം കളിക്കാനും അദ്ദേഹം പരിശീലനം നടത്തുന്നത് കാണാനും താൻ ഏറെ ഇഷ്ടപ്പെടുന്നു. വാക്കുകളിൽ അത് വിശദീകരിക്കുക അസാധ്യമാണ്. ബാഴ്സലോണയിലെത്താൻ മുൻപ് എനിക്ക് അവസരം വന്നിരുന്നു, എന്നാൽ അന്നത് നടന്നില്ല. ഞാൻ എന്നെങ്കിലും അങ്ങോട്ടേക്ക് പോവുകയാണെങ്കിൽ അത് മെസിയെ എല്ലാദിവസം കാണാൻ കഴിയും എന്നത് കൊണ്ടായിരിക്കും. അദ്ദേഹത്തിന്റെ കാലിൽ പന്തുണ്ടെങ്കിൽ ഞാൻ വെറുമൊരു കാഴ്ചക്കാരൻ മാത്രമായി മാറും.”

മുൻപ് ബാഴ്സലോണയുടെ ചിരവൈരികളായ റയൽ മാഡ്രിഡിന്റെ താരമായിരുന്നെങ്കിലും ബാഴ്സലോണയിൽ കളിക്കുന്നതിലും തനിക്ക് പ്രശ്നമൊന്നുമില്ലെന്നാണ് ഡി മരിയ പറയുന്നത്. അതേക്കുറിച്ച് അർജന്റൈൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ” റയൽ മാഡ്രിഡുമായുള്ള തന്റെ ബന്ധം അവസാനിച്ചു. അത് കൊണ്ട് തന്നെ ബാഴ്സലോണയിൽ കളിക്കുന്നതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ല.” താരം പറഞ്ഞുനിർത്തി.