SHARE

പരിക്കിനെത്തുടർന്ന് ലോകകപ്പിൽ നിന്ന് പുറത്തായ ഫ്രാങ്ക് ഫാബ്രയ്ക്ക് പകരം മുപ്പത്തിനാലുകാരനായ വെറ്ററൻ പ്രതിരോധ താരം ഫാരിഡ് ഡയസിനെ കൊളംബിയയുടെ 23 അംഗ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി. ഇറ്റലിയിൽ നടന്ന ടീമിന്റെ പരിശീലനത്തിനിടെയായിരുന്നു ലെഫ്റ്റ് ബാക്ക് താരമായ ഫാബ്രയ്ക്ക് പരിക്കേറ്റത്. തുടർന്ന് സ്കാനിംഗിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

പരാഗ്വൻ ക്ലബ്ബായ ഒളിമ്പിയയുടെ പ്രതിരോധ താരമാണ് ഫാബ്രയ്ക്ക് പകരം ടീമിലെത്തിയ ഫാരിഡ് ഡയസ്. കൊളംബിയൻ ദേശീയ ടീമിന് വേണ്ടി 13 മത്സരങ്ങളിൽ ഈ മുപ്പത്തിനാലുകാരൻ കളിച്ചിട്ടുണ്ട്. റഷ്യൻ ലോകകപ്പിൽ പോളണ്ട്, സെനഗൽ, ജപ്പാൻ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എച്ചിലാണ് കൊളംബിയ കളിക്കുന്നത്. ജൂൺ പത്തൊൻപതിന് ജപ്പാനെതിരെയാണ് അവരുടെ ആദ്യ പോരാട്ടം.