SHARE

കൊല്‍ക്കത്ത ടെസ്റ്റില്‍ സമനിലയ്ക്കായി സമയം കളയാന്‍ മനപൂര്‍വം ശ്രമിച്ചതായി ശ്രീലങ്കന്‍ വിക്കറ്റ്കീപ്പര്‍ നിരോസണ്‍ ഡിക്‌വെല്ലയുടെ വെളിപ്പെടുത്തല്‍. ക്രിക്ബസിനോടാണ് താരം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അവസാന ദിനം അപ്രതീക്ഷിത സമനിലയിലേക്ക് നീങ്ങിയ മത്സരത്തിനു ജീവന്‍ വച്ചത് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതോടെയായിരുന്നു.

അവസാന ദിനത്തിലെ സമ്മര്‍ദ നിമിഷങ്ങളെപ്പറ്റി ഡിക്‌വെല്ലയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ- സമയം കളയുന്നതെ എങ്ങനെയെന്ന് ചിന്തിച്ചു നില്‍ക്കുന്ന സമയത്താണ് കോഹ്ലി ആദ്യമായി എന്നോട് വാഗ്വാദത്തിനു വന്നത്. അതോടെ വാക്ക്തര്‍ക്കത്തിലേക്ക് പോയാല്‍ സമയം കൂടുതല്‍ കളയാമെന്ന് മനസിലായി. ഈ തന്ത്രം കോഹ്ലിക്ക് മനസിലായി. ഇതോടെയാണ് മുഹമ്മദ് ഷമിയും തര്‍ക്കത്തിനായി എത്തിയത്. സമ്മര്‍ദ നിമിഷങ്ങളെ താന്‍ അസ്വദിച്ചതായും അവസാനം ആ പോരാട്ടത്തില്‍ താന്‍ വിജയിച്ചെന്നും ദിക്‌വെല്ല അവകാശപ്പെടുന്നു.

ഷമിയുമായി നടന്ന തര്‍ക്കത്തെപ്പറ്റിയും ദിക്‌വെല്ല വെളിപ്പെടുത്തി. ഞാന്‍ ബാറ്റു ചെയ്യുമ്പോള്‍ ഷമി എന്റെയടുത്ത് രൂക്ഷമായി പറഞ്ഞു. ഇവിടെ നോക്കൂ. ഞാന്‍ ഈ നാട്ടിലെ ആളാണ്. കൊല്‍ക്കത്തക്കാരന്‍. ഇതിന് ഞാന്‍ നല്കിയ മറുപടി ഇങ്ങനെ- സംഭവമൊക്കെ ശരി, നിങ്ങളുടെ പന്തിന് നല്ല വേഗവും ബൗണ്‍സുമുണ്ട്. എന്റെ വാക്കുകള്‍ ഷമിയെ സന്തോഷിപ്പിച്ചെന്ന് തോന്നുന്നു. അതേസമയം ദിക്‌വെല്ലയുടെ കൊല്‍ക്കത്തന്‍ ടെസ്റ്റിലെ ബാറ്റിംഗിനെ മുന്‍കാല താരങ്ങള്‍ പ്രശംസ കൊണ്ട് മൂടി.