SHARE

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചെത്തിയത് യുവ പേസ് ബൗളർ ഖലീൽ അഹമ്മദായിരുന്നു. അല്പം സമ്മർദ്ദത്തോടെയായിരുന്നു ഇന്ത്യൻ ബോളറെ പത്രസമ്മേളനത്തിൽ കാണപ്പെട്ടത്. ദേശീയ തലത്തിൽ വെറും 16 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ഒരു താരത്തെ സംബന്ധിച്ചിടത്തോളം അത് വളരെ സ്വാഭാവികം.

പത്രസമ്മേളനത്തിൽ നേരിട്ട ചോദ്യങ്ങൾക്കെല്ലാം മികച്ച രീതിയിൽ മറുപടി നൽകിയ ഖലീലിനെ വെട്ടിലാക്കിയത്, കോഹ്ലിയെക്കുറിച്ചുള്ള പത്രപ്രവർത്തകന്റെ ചോദ്യമാണ്. നിലവിലെ ഇന്ത്യൻ ടീം കോഹ്ലിയുടെ സാന്നിധ്യം മിസ് ചെയ്യുന്നുണ്ടോയെന്നായിരുന്നു ഖലീലിനോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിലൊന്ന്. ഇത് കേട്ടയുടനേ ചിരിയിലേക്ക് വീണ ഖലീൽ, ഈ ചോദ്യത്തിന് മറുപടി നൽകാൻ കൂട്ടാക്കിയില്ല. ഒപ്പം തന്റെ കൈ ഉപയോഗിച്ച് മുഖം പൊത്തിക്കൊണ്ട് അടുത്ത ചോദ്യം ആവശ്യപ്പെടുകയും ചെയ്തു‌.

ന്യൂസിലൻഡിൽ പന്തെറിയുമ്പോൾ പേസ് ബൗളർമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇവിടുത്തെ കാറ്റാണെന്നും, ഇത് പോലുള്ള ചെറിയ ചെറിയ കാര്യങ്ങൾ മനസിലാക്കാൻ ഈ പരമ്പര ഉപകരിച്ചെന്നും പറഞ്ഞ ഖലീൽ, മൂന്നാം ടി20 മത്സരം അത്യന്തം ആവേശകരമായിരിക്കുമെന്ന് കരുതുന്നുവെന്നും അഭിപ്രായപ്പെട്ടു.