SHARE

1998-ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലാണ് ഫ്രാൻസിന്റെ ഒരേയൊരു കിരീടധാരണം അരങ്ങേറിയത്. റൊണാൾഡോയുടെ ബ്രസീലിനെ തോൽപ്പിച്ചായിരുന്നു ഫ്രാൻസ് കിരീടമുയർത്തിയത്. എന്നാൽ ലോകകപ്പിന്റെ നടത്തിപ്പിലും ​ഗ്രൂപ്പ് തിരിച്ചതിലും ക്രമക്കേടുകളുണ്ടെന്ന വാർത്തകൾ, നേരത്തമുതൽ ഉയർന്നിരുന്നു. അടുത്തിടെ മുൻ യുവേഫ പ്രസിഡന്റ് കൂടിയായ മിഷേൽ പ്ലാറ്റിനി ഇത് സമ്മതിച്ചുമിരുന്നു.

വിവാദങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും അന്ന് ഫ്രൻസിന്റെ കീരിടമുയർത്തൽ രാജകീയമായിത്തന്നെയായിരുന്നു. അന്ന് ടീമിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ദിദയർ ദെഷാംപ്സാണ് ഇത്തവണ ടീം പരിശീലകൻ. ക്യാപ്റ്റനായപ്പോൾ നേടിക്കൊടുത്ത കിരീടം പരിശീലക‌വേഷത്തിലും ആവർത്തിക്കാനാണ് ദെഷാംസിന്റെ ശ്രമം. 2012 മുതൽ ഫ്രഞ്ച് ടീമിനൊപ്പമുള്ള ദെഷാംപ്സ്, കഴിഞ്ഞ യൂറോക്കപ്പിൽ ടീമിനെ ഫൈനലിൽ എത്തിച്ചിരുന്നു.

റഷ്യയിലേക്ക് പറക്കുന്ന ടീമുകളിൽ ഏറ്റവുമധികം വിജയസാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നാണ് ഫ്രാൻസ്. കെയിലിൻ എംബാപ്പെ, അന്റോയിൻ ​ഗ്രീസ്മെൻ, ഓസ്മൻ ഡെംബെലെ തുടങ്ങിയവർ അണിനിരിക്കുന്ന മുന്നേറ്റനിരയും, എൻ​ഗോളോ കാന്റെ, പോൾ പോ​ഗ്ബ തുടങ്ങിയവർ നിറഞ്ഞ മധ്യനിരയുമാണ് ഫ്രഞ്ച് കരുത്ത്. ലോകകപ്പിനെത്തുന്നതിൽ ഏറ്റവും മികച്ച സ്ക്വാഡ് ഡെപ്ത് ഉള്ള ടീമെന്ന നിലയിൽ ഫ്രാൻസിന് മേൽ വൻ പ്രതീക്ഷകളാണുള്ളത്.

ഏറെനാളുകളായി ടീമിനെ അറിയുന്നയാളാണ് ദെഷാംപ്സ്, മികച്ച ടീമും കൈയ്യിലുണ്ട്. ടീമിന് രണ്ടാം, ലോകകിരീടവും, തന്റെ തൊപ്പിയിൽ പൊൻതൂവലും വെക്കാൻ ഇതിലും മികച്ച അവസരം വേറെയില്ല. എന്നാൽ വിമർശനങ്ങൾ കുറവല്ല ദെഷാംപ്സിന് നേർക്ക്. നിർണായകമത്സരങ്ങളിൽ മോശം ടീമിനെ അണിനരത്തുമെന്ന പേരുദോഷം പലപ്പോഴും ദെഷാംപ്സ് കേൾപ്പിച്ചുകഴിഞ്ഞു. ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ സ്വീഡനെതിരേയും ലക്സംബർ​ഗിനെതിരേയും ടീം തോൽവി വഴങ്ങിയത് ഇത്തരം മോശം തീരുമാനങ്ങലിലൂടെയായിരുന്നെന്നും വിമർശനമുണ്ട്.

ലോകകപ്പിനുള്ള അന്തിമസ്ക്വാഡിനെ തിരഞ്ഞെടുത്തതിലും ദെഷാംപ്സിന് പാളിയെന്ന് വിമർശനമുണ്ട്. അഡ്രിയാൻ റാബിയറ്റ്, കിങ്സ്ലി കോമാൻ തുടങ്ങിയവരെ ഒഴിവാക്കിയത് എതിർപ്പിന് കാരണമായി. ഏതായാലും സന്നാഹമത്സരങ്ങളിലും മറ്റും ടീം മികച്ച പ്രകടനമാണ് ടീം നടത്തിയത് ഇത് തുടരാനായൽ ചരിത്രം രചിക്കാൻ ദെഷാംപ്സിന് സാധിക്കും.