SHARE

”ഞാൻ യുവരാജ് സിംഗിന്റെ കടുത്ത ആരാധകനാണ്, പക്ഷേ ധോണിയെപ്പോലെ മികച്ച ഒരു ഫിനിഷറാവുകയാണ് എന്റെ ആഗ്രഹം. കാരണം ഞാൻ അദ്ദേഹത്തിന്റെ ഫിനിഷിംഗ് സ്കിൽസിനെയും വളരെയധികം ആരാധിക്കുന്നു”. ഇന്ത്യൻ അണ്ടർ 19 ലോകകപ്പ് ടീം അംഗമായ അഭിഷേക് ശർമ്മയുടേതാണ് വാക്കുകൾ.

നിലവിൽ അണ്ടർ 19 ലോകകപ്പ് കളിച്ചു കൊണ്ടിരിക്കുന്ന ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് പതിനേഴുകാരനായ ഈ അമൃത് സർ സ്വദേശി. ഇടം കൈയ്യൻ ഓർത്തഡോക്സ് സ്പിന്നറായ അഭിഷേക് ബാറ്റ് കൊണ്ടും തിളങ്ങാൻ കഴിയുന്ന താരമാണ്‌. ജൂനിയർ ക്രിക്കറ്റിൽ ഇതിനോടകം തന്റെ മികവു തെളിയിച്ച അഭിഷേകിന് പക്ഷേ ഈ ലോകകപ്പിൽ തിളങ്ങാൻ ഇതേ വരെ കാര്യമായ അവസരം ലഭിച്ചിട്ടില്ല‌.ലോകകപ്പിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ അഭിഷേക് പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരെ നടന്ന അവസാന മത്സരത്തിൽ പന്തെറിഞ്ഞിരുന്നുമില്ല.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേയാണ് തന്റെ സ്വപ്നങ്ങളെക്കുറിച്ച് ഈ കൗമാര താരം മനസ് തുറന്നത്. ”കുട്ടിക്കാലം മുതലേ യുവരാജ് സിംഗിന്റെ ആരാധകനായ താൻ ധോണിയുടെ മാസ്മരിക ഫിനിഷിംഗുകൾ കണ്ട് പലപ്പോളും ഞെട്ടിയിട്ടുണ്ട്, അവരെപ്പോലെ ലോകകപ്പ് നേടുകയും ഇന്ത്യൻ സീനിയർ ടീമിൽ ഇടം നേടുകയുമാണ് തന്റെ സ്വപ്നങ്ങളെന്നും അത് കൈവരിക്കാൻ തനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായും അഭിഷേക് കൂട്ടിച്ചേർത്തു.

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിലും അഭിഷേക് ശർമ്മയുണ്ട്. മികച്ച ഓൾ റൗണ്ടറായ ഈ താരത്തിന് ലേലത്തിൽ മികച്ച തുക ലഭിക്കുമെന്നാണ് വിദഗ്ദാഭിപ്രായം. പല ടീമുകളും ഇപ്പോൾത്തന്നെ അഭിഷേകിന് പിറകെയുണ്ടെന്നും വാർത്തകളുണ്ട്‌. എന്ത് തന്നെയായാലും യുവിയുടേയും, ധോണിയുടെ ഫിനിഷിംഗിന്റെയും ആരാധകനായ ഈ യുവതാരം ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലുണ്ടാവുമെന്ന് ഏറെക്കുറേ ഉറപ്പാണ്.