SHARE

സൂപ്പർതാരങ്ങളായ ലയണൽ മെസിയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പലവട്ടം നേരിട്ടിട്ടുള്ള ഡിഫൻഡർമാരുണ്ട്. എന്നാൽ മെസി ബാഴ്സലോണയിലും റൊണാൾഡോ റയൽ മഡ്രിഡിലും തങ്ങളുടെ ഏറ്റവും മികച്ച ഫോമിൽ കളിക്കുമ്പോൾ ഇരുവരേയും നിരന്തരം നേരിട്ട താരമാണ് ഡീ​ഗോ ​ഗോഡിൻ.

ഇരുസൂപ്പർതാരങ്ങളുടേയും പ്രതാപകാലത്ത് സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡിന്റെ പ്രതിരോധക്കോട്ടയുടെ നെടുംതൂണായി ​ഗോഡിൻ ദീർ​ഘകാലമുണ്ടായിരുന്നു. ബാഴ്സയേയും റയലിനേയും ചില അവസരങ്ങളിൽ അത്ലെറ്റിക്കോ വീഴ്ത്തിയപ്പോഴും ഈ യുറു​ഗ്വായൻ സെന്റർ ബാക്കിന്റെ സേവനം ശ്രദ്ധേയമായിരുന്നു. ഇരു സൂപ്പർതാരങ്ങളുമായും നിരവധി തവണ കൊമ്പുകോർത്തിട്ടുണ്ടെങ്കിലും മാർക്ക് ചെയ്യാൻ പ്രയാസം മെസിയെയാണെന്നാണ് ​ഗോഡിന്റെ മറുപടി. കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിനോടാണ് ​ഗോഡിൻ ഇക്കാര്യം പറഞ്ഞത്.

എന്നെ സംബന്ധിച്ചിടത്തോളം മെസിയെയാണ് മാർക്ക് ചെയ്യാൻ പ്രയാസം, യൂറോപ്പിലെ എന്റെ കരിയറിൽ മുഴുവനും ഈ രണ്ട് പോരുമായും കൊമ്പുകോർക്കേണ്ട നിർഭാ​ഗ്യം എനിക്കുണ്ടായി, അത്ലെറ്റിക്കോ മഡ്രിഡിൽ നിന്ന് പല കിരീടങ്ങളും ഇരുവരും തട്ടിയെടുത്തു, ബാഴ്സയിൽ മെസിയോ റയലിൽ റൊണാൾഡോയോ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ചാമ്പ്യൻസ് ലീ​ഗടക്കം ‍ഞങ്ങൾക്ക് നേടാനാകുമായിരുന്നു, ​ഗോഡിൻ പറഞ്ഞു.