SHARE

നിശ്ചിത ഓവർ മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തനിക്ക്‌ യാതൊരു വിധ പദ്ധതികളുമില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ സൂപ്പർ താരം ദിനേഷ് കാർത്തിക്. സംസ്ഥാനത്തിന് വേണ്ടി കളിക്കാൻ താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും, തമിഴ്നാടിനൊപ്പം രഞ്ജി ട്രോഫി കിരീടം നേടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും കാർത്തിക് കൂട്ടിച്ചേർത്തു. കേരളത്തിനെതിരായ രഞ്ജി മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മാസം നിശ്ചിത ഓവർ മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനായി ഇന്ത്യൻ താരം അമ്പാട്ടിറായുഡു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇത് പോലെ എന്തെങ്കിലും പദ്ധതികൾ മനസിലുണ്ടോയെന്നായിരുന്നു കാർത്തിക്കിനോട് മാധ്യമപ്രവർത്തകർ ചോദിച്ചത്. ഇതിന് കാർത്തിക്കിന്റെ മറുപടി ഇപ്രകാരമായിരുന്നു, ” ഇല്ല ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല, കാരണം താൻ തമിഴ്നാടിനായി കളിക്കുന്നത് ഏറെ ആസ്വദിക്കുന്നു. സ്വന്തം സംസ്ഥാനത്തിന് വേണ്ടി കളിക്കുന്നത് ഏറ്റവും വലിയ ആനന്ദങ്ങളിലൊന്നായി താൻ കരുതുന്നു. തമിഴ്നാടിനായി താൻ കളിക്കുന്നത് ഒരു ബാധ്യതയാണെന്ന് എന്ന് ആൾക്കാർ കരുതുന്നോ, അന്ന് താൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് പിൻ വാങ്ങും”. കാർത്തിക് പറഞ്ഞുനിർത്തി.