SHARE

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുംബൈ ഇന്ത്യൻസിനെതിരെ തോൽവിയോടെ ഈ സീസണ് തുടക്കം കുറിച്ച അവർ കഴിഞ്ഞ ദിവസം സൺ റൈസേഴ്സിനെ തകർത്ത് ഈ വർഷത്തെ തങ്ങളുടെ ആദ്യ ജയം കുറിച്ചിരുന്നു. ഇന്ത്യയുടെ സീനിയർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ദിനേഷ് കാർത്തിക്കാണ് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകൻ.

കഴിഞ്ഞ ദിവസം ഡെൽഹി ക്യാപിറ്റൽസിന്റെ ഇന്ത്യൻ സൂപ്പർ താരം രവിചന്ദ്രൻ അശ്വിന്റെ യൂടൂബ് ചാനലിൽ ഹലോ ദുബായ് എന്ന പരിപാടിയിൽ ദിനേഷ് കാർത്തിക് പങ്കെടുത്തിരുന്നു‌. ഈ പരിപാടിക്കിടെ, കൊൽക്കത്ത ടീമിലെ മൂന്ന് താരങ്ങളെ വിട്ടു നൽകി, ഡെൽഹി ക്യാപിറ്റൽസ് ടീമിലെ മൂന്ന് താരങ്ങളെ എടുക്കാൻ ആവശ്യപ്പെട്ടാൽ ഏതൊക്കെ താരങ്ങളെയാവും അതിന് പരിഗണിക്കുക എന്ന് കാർത്തിക്കിനോട്, അശ്വിൻ ചോദിച്ചു. തന്റെ സുഹൃത്തായ അശ്വിന്റെ രസകരമായ ഈ ടാസ്കിന് ഉടൻ കാർത്തിക്ക് മറുപടിയും നൽകി.

കൊൽക്കത്തയിൽ നിന്ന് ലോക്കി ഫെർഗൂസനെ നൽകി ഡെൽഹി ക്യാപിറ്റൽസിന്റെ കാഗിസോ റബാഡയെ താൻ സ്വന്തമാക്കുമെന്ന് പറഞ്ഞ കാർത്തിക്ക്, നിതീഷ് റാണയെ നൽകി ശ്രേയസ് അയ്യറിനേയും, സുനിൽ നരൈനെ നൽകി ആർ അശ്വിനേയും കൊൽക്കത്തയിലെത്തിക്കുമെ‌ന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.