SHARE

സമീപകാലത്തായി ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനങ്ങൾ പുറത്തെടുക്കുന്ന താരമാണ് തമിഴ്നാടിന്റെ ഷാരൂഖ് ഖാൻ. ടി20 ക്ക് അനുയോജ്യനായ ഈ‌ യുവ ഓൾ റൗണ്ടറെ ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ നിന്ന് 5.25 കോടി രൂപക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയിരുന്നു. കൂറ്റൻ സിക്സറുകൾ പറത്താനും, നിർണായക സമയത്ത് ടീമിന് വിക്കറ്റുകൾ സമ്മാനിക്കാനുള്ള മികവുമാണ് താരത്തെ ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള അൺക്യാപ്പ്ഡ് താരങ്ങളിലൊരാളാക്കി മാറ്റിയത്.

സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന‌ യുവ കളികാരിൽ ഒരാളായ ഷാരൂഖ് ഖാന്റെ ഐപിഎൽ പ്രകടനം കാണാൻ താൻ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരവും അഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാട് ടീമിന്റെ നായകനുമായ‌ ദിനേഷ് കാർത്തിക്ക്. കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ ഹാൻഡിലിൽ ആരാധകരുമായി നടത്തിയ Q&A സെഷനിടെ ഒരു ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കാർത്തിക്ക് ഇങ്ങനെ പറഞ്ഞത്.

ഐപിഎല്ലിന്റെ ഈ സീസണിൽ വ്യക്തിമുദ്ര പതിപ്പിക്കുക ഏത് താരമായിരിക്കുമെന്ന ആരാധകരിലൊരാളുടെ ചോദ്യത്തിനായിരുന്നു ഷാരൂഖ്‌ ഖാനെ കാർത്തിക്ക് ചൂണ്ടിക്കാട്ടിയത്. ഈ ചോദ്യത്തിന് കാർത്തിക്ക് നൽകിയ മറുപടി ഇങ്ങനെ, ” ഈ വർഷം ഷാരൂഖ് ഖാൻ എങ്ങനെയായിരിക്കും കളിക്കുക എന്നറിയാൻ എനിക്ക് വളരെയധികം ആവേശമുണ്ട്. പഞ്ചാബ് കിംഗ്സിനൊപ്പം മികച്ചൊരു അവസരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.‌ അദ്ദേഹം മികച്ചൊരു ക്രിക്കറ്റ് താരമായി വളരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.”