SHARE

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മില്‍ ന്യൂവാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്നു കൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റ് മത്സരം ആവേശത്തിലേക്ക് നീങ്ങുന്നു. 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 151-5 എന്ന നിലയിലാണ്. 69 റണ്‍സെടുത്ത ഡീന്‍ എല്‍ഗറും, 5 റണ്‍സെടുത്ത വെർണൻ ഫിലാൻഡറുമാണ് ക്രീസിലുള്ളത്. 17-1 എന്ന നിലയില്‍ രണ്ടാം ദിനം കളിതുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എല്‍ഗറും ഹാഷിം അംലയും മികച്ച ബാറ്റിംഗാണ് കാഴ്ച്ച വെച്ചത്. 52 റണ്‍സെടുത്ത അംലയെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്.

എ ബി ഡിവില്ലിയേഴ്‌സ് (6), ഫാഫ് ഡു പ്ലെസിസ് (2), ക്വിന്റണ്‍ ഡി കോക്ക് (0) എന്നിവരുടെ വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ മത്സരം ആവേശത്തിലായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന്‍ 90 റണ്‍സും ഇന്ത്യയ്ക്ക് വിജയിക്കാന്‍ 5 വിക്കറ്റുകളുമാണ് ആവശ്യമുള്ളത്.

ടീമിലില്ലാതിരുന്നിട്ടും ഇന്ത്യക്ക് വേണ്ടി വിക്കറ്റ് കീപ്പ് ചെയ്യുന്നത് ദിനേഷ് കാർത്തിക്കാണ്. കൈക്ക് പരുക്കേറ്റ പാര്‍ത്ഥിവ് പട്ടേലിന് പകരക്കാരനായിട്ടാണ് ദിനേഷ് കാര്‍ത്തിക്ക് കളത്തിലിറങ്ങിയത്. പുതിയ ക്രിക്കറ്റ് നിയമമനുസരിച്ചാണ് കാര്‍ത്തിക് കളത്തിലിറങ്ങിയത്. മുമ്പ് വിക്കറ്റ് കീപ്പര്‍ക്ക് പരുക്കേറ്റാല്‍ പകരം ഫീല്‍ഡിലുള്ള താരം തന്നെ വിക്കറ്റ് കീപ്പറാവണമായിരുന്നു.