SHARE

ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിന് വേണ്ടി ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മറ്റു രാജ്യങ്ങളെല്ലാം മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുമ്പോള്‍ ഇന്ത്യ ക്രിക്കറ്റിലെ പുതിയ പരീക്ഷണത്തിന് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. ഈ വര്‍ഷം വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ പിങ്ക് ബോളില്‍ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യത്തില് ഇതുവരെ ഉറപ്പൊന്നുമായിട്ടില്ല.

നവംബറില്‍ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ ഒരു മത്സരം ഡേ-നൈറ്റ് ടെസ്റ്റ് മത്സരമായി നടത്താമെന്ന നിര്‍ദ്ദേശം ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്നോട്ടു വെക്കുകയും ചെയ്തു. എന്നാല്‍ ഓസ്‌ട്രേലിയന്‍ ര്യടനത്തില്‍ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കേണ്ടെന്ന തീരുമാനമാണ് ഇന്ത്യ എടുത്തത്. ഈ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ ഇയാന്‍ ചാപ്പല്‍.

‘ അഡ്‌ലെയ്ഡില്‍ പകല്‍ രാത്രി ടെസ്റ്റ് മത്സരം കളിക്കേണ്ടെന്ന ഇന്ത്യയുടെ തീരുമാനം നിരാശപ്പെടുത്തുന്നതാണ്, പിങ്ക് ബോള്‍ മത്സരങ്ങളുടെ അനൗദ്യോഗിക ഹോം ഗ്രൗണ്ടായി അഡ്‌ലെയ്ഡ് മാറിയിട്ടുണ്ടായിരുന്നു, അവിടെ ശക്തമായ ഇന്ത്യന്‍ ടീം പകല്‍ രാത്രി മത്സരം കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു’ – ചാപ്പല്‍ പ്രമുഖ മാധ്യമത്തിലെ തന്റെ കോളത്തില്‍ എഴുതി.

നവംബര്‍ 21 മുതല്‍ ജനുവരി 18 വരെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം. ഓസ്‌ട്രേലിയയില്‍ മൂന്നു വീതം ഏകദിന, ടി20 മത്സരങ്ങളും നാലു ടെസ്റ്റ് മത്സരങ്ങളുമാണ് ഈ കാലയളവില്‍ ഇന്ത്യ കളിക്കുക.