SHARE

പാക് ക്രിക്കറ്റില്‍ ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോച്ചിനെതിരെ പ്രതികരിച്ച് പേസ് ബോളര്‍ വഹാബ് റിയാസ്. ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയും അയര്‍ലന്‍ഡിനെതിരെയും നടക്കുന്ന മത്സരങ്ങള്‍ക്ക് മുന്നോടിയായി നടത്തുന്ന പരിശീലന ക്യാമ്പിലേക്ക് 25 അംഗ ടീമിനെ പാകിസ്ഥാന്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ നിന്ന് 16 അംഗങ്ങളുടെ ടീമിനെയാണ് ഇംഗ്ലണ്ട് പര്യടനത്തിന് അയക്കുക.

പേസ് ബോളർ വഹാബ് റിയാസിനെ 25 അംഗ ടീമിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന തീരുമാനമാണ് സെലക്ഷൻ കമ്മിറ്റി എടുത്തത്. ഇതുമായി ബന്ധപ്പെട്ട് പാക് പരിശീലകന്‍ മിക്കി ആര്‍തര്‍ വിശദീകരണം നല്‍കുകയും ചെയ്തു. ‘ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി വഹാബ് റിയാസ് ടീമിന് വേണ്ടി ഒരു മത്സരം വിജയിപ്പിച്ചിട്ടില്ല, ഭാവിയിലേക്ക് കൂടി ഉപകാരപ്പെടുന്ന തരത്തിലുള്ള ടീമിനെ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ്, മികച്ച യുവതാരങ്ങളാണ് നമുക്കുള്ളത്, അവരെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്’ – എന്നായിരുന്നു കോച്ചിന്റെ വിശദീകരണം. മത്സരത്തിനിടയില്‍ പന്തെറിയുന്ന വഹാബ് റിയാസിനെ കുറ്റപ്പെടുത്താനില്ലെന്നും എന്നാല്‍ പരിശീലന സെഷനുകളില്‍ അദ്ദേഹം കൃത്യമായ ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്നും ആര്‍തര്‍ വ്യക്തമാക്കി.

കോച്ചിന്റെ ഈ വാക്കുകള്‍ക്ക് മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് വഹാബ് റിയാസ്. ‘ ആഭ്യന്തര ക്രിക്കറ്റിലും അവസാനം കളിച്ച ടെസ്റ്റ് മത്സരങ്ങളിലെയും എന്റെ പ്രകടനം വിലയിരുത്തുകയാണെങ്കില്‍ നിങ്ങള്‍ മനസ്സിലാവും, ഒരു താരമെന്ന നിലയില്‍ മികച്ച കളി പുറത്തെടുക്കുകയെന്നതാണ് എന്റെ ജോലി, അത് ഞാന്‍ നന്നായി ചെയ്യുന്നുണ്ട്, എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഞാന്‍ പുറത്തെടുക്കുന്നുമുണ്ട്’ – വഹാബ് റിയാസ് പറഞ്ഞു ടീം തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റില്‍ 17.4 സ്‌കോറാണ് വഹാബ് റിയാസിന് ലഭിച്ചത്. എന്നാല്‍ സ്‌കോര്‍ 19 എങ്കിലും നേടിയാല്‍ മാത്രമേ, താരത്തെ ടീമിലെടുക്കൂ എന്ന തീരുമാനം കോച്ച് എടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.