SHARE

ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇന്ത്യന്‍ സമയം 11.50നുശേഷം തുടങ്ങിയേക്കും. മഴയ്ക്ക് ശേഷം ഗ്രൗണ്ട് ഉണക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. അംപയര്‍മാര്‍ ഒരുവട്ടം പിച്ചില്‍ പരിശോധന നടത്തി. കളി പുനരാരംഭിച്ചാല്‍ ഓവറുകള്‍ വെട്ടിക്കുറയ്ക്കും. 20 ഓവറിലേക്ക് മത്സരം ചുരുക്കിയാല്‍ വിജയലക്ഷ്യം 155 റണ്‍സായിട്ടാകും പുനക്രമീകരിക്കുക. അങ്ങനെ വന്നാല്‍ ഇനി 12.4 ഓവറില്‍ 112 റണ്‍സ് കൂടി വേണം ആതിഥേയര്‍ക്ക് പരമ്പര നഷ്ടമാകാതിരിക്കാന്‍. ഇന്ത്യന്‍ സ്‌കോറായ 289 പിന്തുടരുന്നതിനിടെ ദക്ഷിണാഫ്രിക്ക 7.2 ഓവറില്‍ ഒരു വിക്കറ്റിന് 43 റണ്‍സെടുത്തു നില്‌ക്കെയാണ് മഴ വീണ്ടും വില്ലനായെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ശിഖര്‍ ധവാന്‍ സെഞ്ചുറി നേടി. ധവാന്റെയും നായകന്‍ വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറിയുടേയും കരുത്തില്‍ നിശ്ചിത 50 ഓവറില്‍ ടീം ഇന്ത്യ നേടിയത് 7 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ്. അവസാന ഓവറുകളില്‍ പ്രതീക്ഷിച്ച പോലെ റണ്‍ നിരക്കുയര്‍ത്താന്‍ കഴിയാതിരുന്നത് മുന്നൂറിനപ്പുറം സ്‌കോറുയര്‍ത്തുന്നതില്‍ നിന്ന് ടീം ഇന്ത്യയെ തടഞ്ഞു. നൂറാം മത്സരം കളിക്കുന്ന ശിഖാര്‍ ധവാനായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിലെ താരം. 105 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും 2 സിക്‌സറുമടക്കം 109 റണ്‍സാണ് ഇടം കൈയ്യന്‍ ഓപ്പണര്‍ അടിച്ച് കൂട്ടിയത്.