SHARE

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ കുൽദീപ് യാദവിനെ ഇന്ത്യൻ ടീമിലുൾപ്പെടുത്താതിരുന്നതിന് വലിയ വിമർശനമായിരുന്നു നായകൻ വിരാട് കോഹ്ലിയും, ഇന്ത്യൻ മാനേജ്മെന്റും നേരിട്ടത്. ചെന്നൈയിലെ സ്പിൻ അനുകൂല പിച്ചിൽ കുൽദീപിനെ കളിപ്പിക്കാത്തത് ഇന്ത്യയുടെ മോശം തീരുമാനമായി എന്ന് നിരവധി മുൻ കളികാരും ചൂണ്ടിക്കാട്ടി. എന്നാൽ കുൽദീപിനെ മത്സരത്തിൽ കളിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തതിൽ ഖേദമില്ലെന്നാണ് കോഹ്ലിയുടെ പക്ഷം. ആർ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ എന്നീ രണ്ട് ഓഫ് സ്പിന്നർമാർ ടീമിലുള്ളതിനാലാണ് കുൽദീപിനെ ആദ്യ ടെസ്റ്റിൽ നിന്ന് തഴഞ്ഞതെന്നും മത്സരത്തിൽ പരാജയപ്പെട്ടതിന് ശേഷം സംസാരിക്കവെ കോഹ്ലി വ്യക്തമാക്കി.

ഇടം കൈയ്യൻ സ്പിന്നറായ കുൽദീപ് യാദവിനെ ആദ്യ ടെസ്റ്റിൽ കളിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തതിൽ ഖേദമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നൽകിയ കോഹ്ലി, രണ്ട് ഓഫ്സ്പിന്നർമാർ ടീമിലുണ്ടായിരുന്നുവെന്നും, വൈവിധ്യങ്ങൾ ആവശ്യമായതിനാലാണ് കുൽദീപിനെ ടീമിൽ നിന്ന് ഒഴിവാക്കേണ്ടി വന്നതെന്നും കൂട്ടിച്ചേർത്തു.

കുൽദീപിനെ ആദ്യ ടെസ്റ്റിൽ കളിപ്പിക്കാത്തതിൽ പശ്ചാത്താപമില്ലെന്ന് പറയുന്ന കോഹ്ലി, മുന്നോട്ട് പോകുമ്പോൾ ബോളിംഗ് ആക്രമണത്തിൽ വൈവിധ്യങ്ങൾ നൽകുന്ന കോമ്പിനേഷനുകളെക്കുറിച്ച് തങ്ങൾ ചിന്തിക്കുമെന്നും ചൂണ്ടിക്കാട്ടി. അതേ സമയം നേരത്തെ ഓസ്ട്രേലിയൻ പര്യടനത്തിലും ഒരു മത്സരത്തിൽപ്പോലും കുൽദീപിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും പ്ലേയിംഗ് ഇലവനിൽ ഇടമില്ലാതിരുന്ന താരത്തിന് രണ്ടാംടെസ്റ്റിൽ അവസരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ.