SHARE

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച വലം കൈയ്യൻ പേസ് ബോളർമാരിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ ഡെയിൽ സ്റ്റെയിൻ. ഐപിഎല്ലിലും മികച്ച പ്രകടനം നടത്തി ഇന്ത്യയിലും ഒട്ടേറെ ആരാധകരുള്ള താരമായ സ്റ്റെയിനെ കഴിഞ്ഞ ദിവസം തങ്ങളുടെ ടീമിൽ നിന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒഴിവാക്കിയിരുന്നു. അടുത്ത സീസണിന് മുന്നോടിയായുള്ള താരലേലത്തിന് മുന്നോടിയായി ടീം പൊളിച്ച് പണിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു സ്റ്റെയിനെ, ബാംഗ്ലൂർ ടീമിൽ നിന്ന് ഒഴിവാക്കിയത്. ആരാധകർക്ക് അല്പം ഞെട്ടൽ സമ്മാനിക്കുന്ന കാര്യമായിരുന്നു ഇത്.

കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കാൻ സ്റ്റെയിൻ എത്തിയിരുന്നു. ഈ സമയം ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരങ്ങളും നൽകി. താങ്കൾ മുംബൈ ഇന്ത്യൻസിൽ കളിക്കാൻ ഇഷ്ടപ്പെടുന്നുണ്ടോ എന്നതായിരുന്നു ഒരു ആരാധകന്റെ ചോദ്യം. മുംബൈയ്ക്ക് തന്നെ ആവശ്യമുണ്ടെങ്കിൽ താൻ സന്തോഷത്തോടെ അവിടെ കളിക്കാനെത്തുമെന്നായിരുന്നു ഇതിന് സ്റ്റെയിന്റെ മറുപടി. 2020 ഐപിഎല്ലിൽ താങ്കൾ ഏത് ടീമിൽ കളിക്കാനാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. തന്നെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഏത് ടീമിലും. എന്നായിരുന്നു ഈ ചോദ്യത്തിന് സ്റ്റെയിന്റെ മറുപടി.

അതേ സമയം ഐപിഎല്ലിൽ 4 ടീമുകളിൽ കളിച്ചിട്ടുള്ള താരമാണ് ഡെയിൽ സ്റ്റെയിൻ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡെക്കാൺ ചാർജേഴ്സ്, സൺ റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്ക് വേണ്ടിയായിരുന്നു ഐപിഎല്ലിൽ സ്റ്റെയിൻ കളിച്ചത്.